കോട്ടയം: മൂടിയില്ലാത്ത ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് യുവാവിനു ദാരുണാന്ത്യം. വെള്ളൂർ തറേപ്പറമ്പിൽ സുധീഷ് (37) ആണ് മരിച്ചത്. കലുങ്ക്പണിക്കായി സുരക്ഷാ മുന്നറിയിപ്പില്ലാതെ തുറന്നുവച്ച ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെള്ളൂർ- വെട്ടിക്കാട്ടുമുക്ക് റോഡിലെ ഓടയാണ് അപകടക്കെണിയായത്.
തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. ഭാര്യയ്ക്കും മകനുമൊപ്പം കോട്ടയം മെഡിക്കൽ കോളജിൽ പോയി തിരികെ വരുകയായിരുന്നു. വെട്ടിക്കാട്ടുമുക്കിൽ നിന്ന് വെള്ളൂരിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ഭാര്യയേയും മകനേയും കയറ്റിവിട്ടു. തുടർന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്ന വഴി പാരായി കലുങ്കിനും ആറാട്ടുമണപ്പുറത്തിനും ഇടയിൽ നിർമാണത്തിലിരിക്കുന്ന കലുങ്കിന് സമീപമുള്ള ഓടയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരിക്കുകയായിരുന്നു. അനുഷയാണ് ഭാര്യ. കാശിനാഥൻ മകനാണ്.