IndiaNEWS

തന്റേതല്ലാത്ത കാരണത്താൽ വിമാനയാത്ര മുടങ്ങിയാൽ യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ 75% നഷ്ടപരിഹാരം ലഭിക്കും, ചട്ടം പരിഷ്കരിച്ച് ഡി.ജി.സി.എ.

ന്യൂഡൽഹി: യാത്രക്കരുടേതല്ലാത്ത കാരണത്താൽ വിമാനയാത്ര മുടങ്ങിയാലോ ഉയർന്ന ക്ലാസിൽനിന്ന് താഴ്ന്ന ക്ലാസിലേക്കു യാത്ര മാറ്റേണ്ടി വന്നാലോ നഷ്ടപരിഹാരത്തിന് പുതിയ വ്യവസ്ഥ. ആഭ്യന്തര വിമാനയാത്രകൾക്ക് ടിക്കറ്റ് നിരക്കിന്റെ 75 ശതമാനം തിരികെ നൽകാനാണ് ഡറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ പരിഷ്കരിച്ച ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ആഭ്യന്തര-രാജ്യാന്ത വിമാന യാത്രികർ നിരന്തരം നേരിടുന്ന പ്രശ്നത്തിലാണ് ഡി.ജി.സി.എയുടെ ഇടപെടൽ.

രാജ്യാന്തര യാത്രകളിൽ യാത്രക്കരുടേതല്ലാത്ത കാരണത്താൽ വിമാന യാത്ര മുടങ്ങിയാലോ, താഴ്ന്ന ക്ലാസിൽ യാത്ര ചെയ്യേണ്ടി വന്നാലോ നഷ്ടപരിഹാരം വ്യത്യാസപ്പെട്ടിരിക്കും. ദൂരം, ടിക്കറ്റ് ചെലവ്, നികുതി എന്നിവ കണക്കാക്കി നഷ്ടപരിഹാരം ടിക്കറ്റ് നിരക്കിന്റെ 30 മുതൽ 75 ശതമാനം വരെയായിരിക്കും. പുതിയ ചട്ടം ഫെബ്രുവരി 15ന് നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വിമാനക്കമ്പനികൾക്കെതിരെ യാത്രക്കാരുടെ പരാതികൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യാത്രക്കരുടേതല്ലാത്ത കാരണത്താൽ പോലും വിമാന യാത്ര മുടങ്ങുക, വിമാന യാത്ര വൈകുക, താഴ്ന്ന ക്ലാസുകളിൽ യാത്ര ചെയ്യാൻ നിർബന്ധിതരാകുക തുടങ്ങിയ അവസ്ഥകൾ നേരിടേണ്ടി വരുന്നതായാണ് പരാതികളിൽ ഏറെയും. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പ്രശ്‌നങ്ങൾ നേരിടേണ്ടി വരുന്ന യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഡിജിസിഎ വ്യവസ്ഥ കൊണ്ടുവന്നത്. ഇതോടെ താഴ്ന്ന ക്ലാസുകളിൽ ആഭ്യന്തര വിമാന യാത്ര ചെയ്യാൻ നിർബന്ധിതരായാൽ പോലും ടിക്കറ്റ് നിരക്കിന്റെ 75ശതമാനം വിമാന കമ്പനികൾ നൽകേണ്ടി വരുമെന്ന് വ്യവസ്ഥയിൽ പറയുന്നു.

Back to top button
error: