കോട്ടയം: ജില്ലയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനം മരവിപ്പിച്ച് സംസ്ഥാന നേതൃത്വം. ചങ്ങനാശേരി വെസ്റ്റ്, ഈസ്റ്റ്, പായിപ്പാട്, കുറിച്ചി, തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റുമാരുടെ നിയമനമാണ് മരവിപ്പിച്ചത്. ഒഴിവാക്കിയത് തരൂര്‍ അനുകൂലികളെ ആണെന്നാണ് ആരോപണം.
ജില്ലാ പ്രസിഡന്റ് നടത്തിയ നിയമനങ്ങളാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് തടഞ്ഞത്. തരൂരിന് കോട്ടയത്ത് വേദിയൊരുക്കിയത് ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു. തരൂരിന് വേദി ഒരുക്കിയതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടായിരുന്നു.
അതേസമയം, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറിയോട് തട്ടികയറിയെന്നാരോപിച്ച് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടപടിയെടുത്തിയരുന്നു. സംസ്ഥാന സമിതിയംഗം അഡ്വ.ഷൈന്‍ ലാലിനെയും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.എസ് ഷാലിമാറിനെയുമാണ് സംഘടനയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്.
ചിന്തന്‍ ശിവിര്‍ സംഭവത്തില്‍ ശക്തമായ നിലപാട് വനിതാ നേതാവിന് വേണ്ടി സ്വീകരിച്ചവരാണ് സസ്പെന്‍ഡ് ചെയ്ത നേതാക്കള്‍. അന്ന് പരാതി നല്‍കിയ വനിത നേതാവിനൊപ്പം ശക്തമായി കൂടെ നിന്നവരാണ് ഇരുവരും. സംസ്ഥാന ഉപാധ്യക്ഷന്മാരെ തിരിച്ചെടുക്കാനുള്ള നിര്‍ദേശം അട്ടിമറിച്ചുവെന്ന് തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍ ഇവര്‍ ആരോപിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമെന്ന് ആക്ഷേപം. യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ ബഹളമാണ് നടപടികളിലേക്ക് കലാശിച്ചത് എന്നുള്ളതും പറയുന്നുണ്ട്.
നേരത്തെ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടിക്ക് വിധേയരായ എന്‍.എസ് നുസൂറിനെയും എസ്.എം ബാലുവിനെയും തിരിച്ചെടുക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉന്നയിച്ചു. അഖിലേന്ത്യാ നേതൃത്വം തിരിച്ചെടുക്കാനുള്ള കത്ത് നല്‍കിയിട്ടും സംസ്ഥാന നേതൃത്വം കത്ത് പൂഴ്ത്തി വെച്ചിരിക്കുകയാണ് എന്ന വിമര്‍ശനമായിരുന്നു ഉയര്‍ത്തിയിരുന്നത്. ഇതേ തുടര്‍ന്നുണ്ടായിരുന്ന തര്‍ക്കങ്ങളാണ് ഇപ്പോഴത്തെ നടപടികളിലേക്ക് നയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.