KeralaNEWS

ജാതി വിവേചനം ഉണ്ടായിട്ടില്ല, അച്ചടക്കം വേണണെന്ന് ഡയറക്ടര്‍ പറഞ്ഞതിനെതിരെയായിരുന്നു സമരം: കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍

കോട്ടയം: വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരോട് ബഹുമാനമില്ലെന്നു കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകന്‍ നന്ദകുമാര്‍. അച്ചടക്കം വേണമെന്ന് ഡയറക്ടര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും നന്ദകുമാര്‍ വ്യക്തമാക്കി. അധ്യാപകര്‍ക്ക് നിലവാരമില്ലെന്ന വിദ്യാര്‍ത്ഥികളുടെ പരാമര്‍ശത്തോടും നന്ദകുമാര്‍ പ്രതികരിച്ചു. വര്‍ഷങ്ങള്‍ പ്രവര്‍ത്തന പരിചയമുള്ള അധ്യാപകര്‍ക്ക് അധ്യാപക മികവില്‍ എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് നന്ദകുമാര്‍ ചോദിച്ചു. എന്നാല്‍, സംവരണ വിഷയത്തില്‍ വീഴ്ചകള്‍ ഉണ്ടായെന്ന് അധ്യാപകന്‍ സമ്മതിച്ചു.

അതിനിടെ, അധ്യാപകന്‍ നന്ദകുമാറിന് മറുപടിയുമായി കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നു. അധ്യാപനത്തിന് നിലവാരമില്ലെന്ന് പറഞ്ഞത് ശരിതന്നെയാണെന്ന് വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. യൂട്യൂബ് വീഡിയോകള്‍ കാണിച്ചാണ് അധ്യാപകര്‍ ക്ലാസ് നടത്തുന്നത്. രാജിവച്ച അധ്യാപകര്‍ മാറണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടതാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സാമ്പത്തിക ആരോപണം നേരിട്ട അധ്യാപകരും രാജിവച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്നും ഈ അധ്യാപകരെ മാറ്റണമെന്നായിരുന്നു തങ്ങളുടെ ആവശ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടന്നിട്ടില്ലെന്ന് ഇവര്‍ പറയുന്നത് ഡയറക്ടറെ സംരക്ഷിക്കാനാണെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

അധ്യാപകര്‍ രാജിവെച്ചത് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബാധിക്കില്ലെന്നും ഒരാഴ്ചകൊണ്ട് സാധാരണ നിലയിലാകും എന്നാണ് പ്രതീക്ഷിക്കുന്നതും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

Back to top button
error: