മുണ്ടക്കയം: ബസ് സ്റ്റാൻഡിൽവച്ച് മൂന്നുവയസുകാരൻ കൊഞ്ചി സംസാരിച്ചത് പരിഹസിച്ചതാണെന്നാരോപിച്ച് മാതാപിതാക്കൾക്കു മർദനം, മൂന്നുപേർ അറസ്റ്റിൽ. മുണ്ടക്കയം സ്വദേശികളായ ഷാഹുൽ റഷീദ്, കെ.ആർ. രാജീവ്, കോരുത്തോട് സ്വദേശി അനന്തു പി. ശശി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞ് അച്ഛനുമായി സംസാരിക്കുന്നത് കേട്ട് തെറ്റിദ്ധരിച്ച് മൂന്നംഗ സംഘം അച്ഛനേയും അമ്മയേയും മർദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നു മണിയോടെ മുണ്ടക്കയം സ്വകാര്യ ബസ് സ്റ്റാൻഡിന് മുമ്പിലായിരുന്നു ആക്രമണം.
യുവതിയുടെ തോളിലിരുന്ന് കുഞ്ഞ് തൻറെ അച്ഛനെ ഉച്ചത്തിൽ വിളിച്ചതു കേട്ട യുവാക്കൾ അവരെ പരിഹസിക്കുകയാണെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. കുഞ്ഞിൻറെ അമ്മയോടാണ് അക്രമിസംഘം ആദ്യം കയർത്തത്. അക്രമികൾ യുവതിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തടയാൻ ചെന്ന ഭർത്താവിനെ കല്ലു കൊണ്ട് ഇടിച്ചു പരുക്കേൽപ്പിച്ചു. കുഞ്ഞിന്റെ മുന്നിൽ വച്ചായിരുന്നു മർദനം.
നാട്ടുകാരിൽ നിന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രതികളെ സംഭവ സ്ഥലത്തു നിന്നു തന്നെ അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ടു പേർക്കെതിരെ ലഹരി മരുന്ന് കൈവശം വച്ചതിനും കേസുണ്ടെന്ന് മുണ്ടക്കയം പൊലീസ് അറിയിച്ചു. മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.