തിരുവനന്തപുരം: വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാതന്‍ പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. വഞ്ചിയൂര്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സമീപമാണ് സംഭവം. പളനിയില്‍ പോകാന്‍ നേര്‍ച്ചക്കാശ് പിരിക്കാനെന്ന വ്യാജേനയാണ് പ്രതി പെണ്‍കുട്ടിയുടെ വീടിന്റെ വാതിലില്‍ മുട്ടിയത്.
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അജ്ഞാതന്‍ വീട്ടിലെത്തിയത്. ഈ സമയം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല. മോഡല്‍ പരീക്ഷയായതിനാല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ക്ലാസുണ്ടായിരുന്നില്ല.
കൈയിലൊരു തട്ടത്തില്‍ ഭസ്മവുമായായിട്ടാണ് അജ്ഞാതനെത്തിയത്. പെണ്‍കുട്ടി വാതില്‍ തുറന്നതും ഇയാള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. നെറ്റിയില്‍ കുറി തൊടാനെന്ന ഭാവത്തിലാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. പുറത്തേക്കിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
അക്രമിയെ തള്ളിമാറ്റി പുറത്തിറങ്ങിയ പെണ്‍കുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞു. അപ്പോഴേക്കും പ്രതി ഓടിരക്ഷപ്പെട്ടിരുന്നു. കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലില്‍ ഇരിക്കുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടിരിക്കുന്നത്.
നഗരഹൃദയത്തില്‍ അടുത്തടുത്ത് വീടുകളുള്ള വഞ്ചിയൂര്‍പോലൊരു സ്ഥലത്ത് പകല്‍ ഇങ്ങനെയൊരു ആക്രമണമുണ്ടായത് ഈ പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. പ്രതിയെകുറച്ച് അറിയുന്നവര്‍ 9497980031 എന്ന നമ്പറില്‍ അറിയിക്കണമെന്ന് വഞ്ചിയൂര്‍ പോലീസ് പറഞ്ഞു.