ചെന്നൈ: തമിഴ്‌നാട് പെരമ്പല്ലൂരില്‍ കാട്ടില്‍ കയറി മാനുകളെ വേട്ടയാടി ഇറച്ചിവില്‍പന നടത്തിവന്ന സംഘം അറസ്റ്റില്‍. ആട് മോഷ്ടാക്കളെ തേടിയിറങ്ങിയ പോലീസ് സംഘത്തിന്റെ വലയില്‍ അപ്രതീക്ഷിതമായാണ് വേട്ടക്കാര്‍ കുടുങ്ങിയത്. നായാട്ട് സംഘത്തില്‍ നിന്നും നാടന്‍ തോക്കുകളും വെടിമരുന്നുമടക്കം ആയുധങ്ങള്‍ പോലീസ് പിടികൂടിയിട്ടുണ്ട്. രംഗനാഥപുരം സ്വദേശികളായ രാമചന്ദ്രന്‍, മുരുകേശന്‍, ഗോപിനാഥന്‍, മണി, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്.
തിരുച്ചിറപ്പള്ളി ഏലുമലയിലെ സംരക്ഷിത വനത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ നിന്ന് നാട്ടുകാരുടെ ആടുകള്‍ മോഷണം പോകുന്നത് പതിവായിരുന്നു. പരാതികള്‍ ഏറിയതോടെ പരിശോധനക്കിറങ്ങിയ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാണ് മാന്‍ വേട്ടക്കാര്‍ കുടുങ്ങിയത്. വാരാന്ത്യങ്ങളിലായിരുന്നു പതിവായി ആടുകളെ നഷ്ടമായിരുന്നത്. അതുകൊണ്ട് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രദേശമാകെ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
രംഗനാഥപുരത്ത് വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ മിനിവാന്‍ പെരമ്പൂര്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് മാന്‍ വേട്ടക്കാരാണെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് പുള്ളിമാനുകളുടെ ജഡങ്ങളും രണ്ട് നാടന്‍ തോക്കുകളും വെടിമരുന്നും അഞ്ചംഗ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു.
വനത്തിനുള്ളില്‍ കടന്ന് പുള്ളിമാനുകളെ മാത്രം തെരഞ്ഞ് വേട്ടയാടിപ്പിടിച്ച് ഇറച്ചിയാക്കി വില്‍ക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ രണ്ടുകൊല്ലമായി നൂറുകണക്കിന് മാനുകളെ വേട്ടയാടിയിട്ടുണ്ടെന്ന് ഇവര്‍ പോലീസിന് മൊഴി നല്‍കി. ഇവരുടെ കയ്യില്‍ നിന്ന് മാനിറച്ചി വാങ്ങിയവരേയും പോലീസ് തെരയുന്നുണ്ട്. ഇത്രയും വ്യാപകമായി വേട്ട നടന്നിട്ടും വനംവകുപ്പിനും ഇന്റലിജന്‍സിനും വിവരം കിട്ടാതിരുന്ന് സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.