CrimeNEWS

വളർത്തുനായയെ ‘പട്ടി’ എന്നു വിളിച്ചത് ഇഷ്ടമായില്ല, വയോധികനെ കുത്തിക്കൊന്ന് അ‌യൽവാസികൾ; വീട്ടമ്മയും മക്കളും അ‌റസ്റ്റിൽ

ചെന്നൈ: നായയെച്ചൊല്ലിയുള്ള തർക്കവും അ‌തുമൂലമുള്ള അ‌ക്രമങ്ങളും രാജ്യത്ത് വർധിച്ചുവരികയാണ്. അ‌ത്തരമൊരു സംഭവമാണ് തമിഴ്നാട്ടിൽ നടന്നത്. വളർത്തുനായയെ പട്ടിയെന്ന് വിളിച്ചതിന് 62കാരനെ അയൽവാസി കുത്തിക്കൊന്നു. തമിഴ്നാട്ടിൽ ഡിണ്ടി​ഗലിലാണ് സംഭവം. രായപ്പൻ എന്ന 62 വയസുകാരനാണു കൊല്ലപ്പെട്ടത്.സംഭവത്തിൽ നായയുടെ ഉടമകളായ നിർമല ഫാത്തിമ റാണി, മക്കളായ ഡാനിയൽ, വിൻസെന്റ് എന്നിവർ അറസ്റ്റിലായി.

നിർമല ഫാത്തിമയുടെ വളർത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരിൽ ഇരുകൂട്ടരും വഴക്ക് പതിവായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കൊലപാതകത്തിൽ കലാശിച്ച സംഭവമുണ്ടായത്. പുറത്തേക്കിറങ്ങിയ പേരക്കുട്ടിയോട് പട്ടി കടിയ്ക്കാൻ വന്നാൽ തല്ലാൻ വടി കൈയിലെടുക്കണമെന്ന് ഉപദേശിച്ചത് നിർമലയുടെ മക്കൾ കേട്ടു. രോഷാകുലരായ ഇവർ എത്തിയ രായപ്പനെ കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ വളർത്തുനായയെച്ചൊല്ലിയുള്ള തർക്കം ആസിഡ് ആക്രമണത്തിലാണു കലാശിച്ചത്. അ‌ന്ന് ഗുരുതരമായി പൊള്ളലേറ്റ 50 വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഉത്തം നഗറിൽ വളർത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട തർക്കമാണ് ആസിഡ് ആക്രമണത്തിൽ കലാശിച്ചത്. വളർത്തുനായയുമായി ഉടമ നടക്കാനിറങ്ങിയപ്പോഴാണ് അയൽവാസി പ്രശ്‌നം ഉണ്ടാക്കിയത്. വളർത്തുനായയുടെ മാലിന്യവുമായി ബന്ധപ്പെട്ട് അയൽവാസിയായ കമൽ 50കാരനുമായി വഴക്കിടുകയായിരുന്നു. തങ്ങളുടെ വീടിന് പുറത്ത് വളർത്തുനായ മലമൂത്ര വിസർജ്ജനം നടത്തുന്നു എന്ന് പറഞ്ഞ് കമലും കുടുംബവും പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനെ ചൊല്ലി കമലിന്റെ രണ്ടു മക്കൾ 50കാരനുമായി വഴക്കിട്ടു. അതിനിടെ വീടിന്റെ ഒന്നാം നിലയിൽ നിന്ന് കമൽ 50കാരന് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും നായയെചൊല്ലി സംഘർഷം ഉണ്ടായിരുന്നു. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപെടുകയും ചെയ്തു. ബൈരിയ്യ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തെരുവുനായയുടെ കുരയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് രണ്ടുവീട്ടുകാർ ചേരിതിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. 55 വയസുള്ള ലാൽ മുനിയാണ് മരിച്ചത്. പ്രതികളുടെ കുടുംബമാണ് തെരുവുനായയെ പോറ്റിയിരുന്നത്. സംഭവ ദിവസം രാത്രി ലാൽ മുനി പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നുപോകുമ്പോൾ നായ കുരച്ചു. ലാൽ മുനി പ്രതികളുടെ വീട്ടിൽ പോയി പരാതിപ്പെട്ടു. കുപിതരായ വീട്ടുകാർ ലാൽ മുനിയെ അസഭ്യം പറയാൻ തുടങ്ങി. തുടർന്നാണ് സംഘർഷം ഉണ്ടായത്.

Back to top button
error: