Breaking NewsKeralaNEWS

ദൗത്യം വിജയം; ധോണിയെ വിറപ്പിച്ച കൊമ്പൻ പി ടി സെവനെ മയക്കുവെടിവെച്ചു, കൂട്ടിലാക്കുക ശ്രമകരം, ഇനി നിർണായകം

പാലക്കാട്: നാട്ടുകാരെ ഭീതിയിലാഴ്ത്തി മൂന്നു വർഷത്തോളമായി ധോണിയെ വിറപ്പിച്ച കൊമ്പൻ പിടി സെവനെ (പാലക്കാട് ടസ്കർ 7) മയക്കുവെടിവെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘമാണ് ധോണിയിലെ കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.
വെടിയേറ്റ ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും. ഇനിയുള്ള 45 മിനുട്ട് നിർണായകമാണെന്ന് വനംവകുപ്പ് അറിയിച്ചു. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി സെവനെ പിടിക്കാൻ കാട്ടിലേക്കയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി സെവനെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്. മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് എത്തിച്ചു. മാസങ്ങളായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ദുരിതമുണ്ടാക്കിയ ആനയെ പിടികൂടാൻ കഴിഞ്ഞത് വലിയ ആശ്വാസകരമാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
ധോണിയിൽ നാലുവർഷമായി നാടിനെ വിറപ്പിച്ച കാട്ടുകൊമ്പൻ പി ടി സെവനെ വരുതിയിലാക്കുന്നതിനുള്ള ഒന്നാംഘട്ട ദൗത്യം വിജയകരമായി പൂർത്തിയായതായി വനംമന്ത്രി എ കെ ശശീന്ദ്രനും അ‌റിയിച്ചു. ഇനി കുങ്കിയാനകളുടെ സഹായത്തോടെ ആനയെ കൂട്ടിലാക്കേണ്ടതുണ്ട്. തുടർന്ന് പ്രത്യേകം സജ്ജീകരിച്ച കൂട്ടിലെത്തിച്ച് ആനയെ മെരുക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ശ്രമകരമായ ദൗത്യത്തിലൂടെ കാട്ടാനയെ വരുതിയിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. രാവിലെ 7.10നും 7.16നും ഇടയിലാണ് പിടി സെവനെ മയക്കുവെടി വച്ചത്. രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ ആന മയക്കത്തിലാണ്. 45 മിനിറ്റ് നിർണായകമാണ്. ആനയുടെ പ്രതികരണം നോക്കിയാണ് തുടർനടപടികൾ സ്വീകരിക്കുക. ആന വീണ്ടും ഊർജ്ജസ്വലമാകുന്നതിന് മുൻപ് തന്നെ പൂർണമായി വരുതിയിലാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പി ടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ കൂട്ടിലേക്ക് എത്തിക്കും. 140 യൂക്കാലിപ്സ് മരം കൊണ്ടുള്ള കൂടാണ് ഒരുക്കിയിരിക്കുന്നത്. ആറടി ആഴത്തിൽ കുഴിയെടുത്ത് തൂണ് പാകി, മണ്ണിട്ടും വെള്ളമൊഴിച്ചും ഉറപ്പിച്ചതാണ് കൂട്. ആന കൂട് തകർക്കാൻ ശ്രമിച്ചാലും പൊട്ടില്ല. യൂക്കാലിപ്സ് ആയതിനാൽ ചതവേ വരൂ. നാലുവർഷം വരെ കൂട് ഉപോയോഗിക്കാം. കൂടിൻ്റെ ഫിറ്റ്നസ് ഉറപ്പാക്കിയിട്ടുണ്ട്. ആനക്കൂട്ടിലേക്കുള്ള റാമ്പും പൂർത്തിയാക്കി.
കാട്ടാന ഉൾക്കാട്ടിലേക്ക് നീങ്ങിയത് വെല്ലുവിളിയായതോടെയാണ് മയക്കുവെടി വെക്കാനുള്ള കഴിഞ്ഞദിവസത്തെ ശ്രമം അവസാനിപ്പിച്ചിരുന്നു. പിന്നാലെയാണ് ഇന്നലെ രാവിലെ വീണ്ടും ദൗത്യം തുടങ്ങിയത്. പി ടി സെവനെ ശനിയാഴ്ച അതിരാവിലെ തന്നെ ആർആർടി സംഘം നിരീക്ഷണ വലയത്തിലാക്കിയെങ്കിലും ആന പതിയെ ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായിരുന്നു.
പാലക്കാട്‌ ടസ്കർ സെവൻ നാല് വർഷമായി ജനവാസ മേഖലയിൽ ഇറങ്ങുന്നു. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്കാരനെ ആന ചവിട്ടിക്കൊന്നിരുന്നു. മായാപുരം സ്വദേശി ശിവരാമൻ ആണ് കൊല്ലപ്പെട്ടത്. 2022 നവംബർ മുതൽ ഇടവേളകൾ ഇല്ലാതെ വിലസുകയായിരുന്നു പിടി 7. ധോണി, മായാപുരം, മുണ്ടൂർ, അകത്തേത്തറ, മലമ്പുഴ മേഖലകളിൽ കാട്ടുകൊമ്പൻ പതിവായി എത്താറുണ്ട്. പാടം കതിര് അണിഞ്ഞാൽ കാട് ഇറങ്ങുന്നത് പതിവാണ്. ഇടയ്ക്ക് രണ്ടോ മൂന്നോ ആനകൾ ഒപ്പമുണ്ടാവാറുണ്ടെങ്കിലും മിക്കപ്പോഴും തനിച്ചാണ് കാട്ടുകൊമ്പൻറെ വരവ്.

Back to top button
error: