CrimeNEWS

എനി ടൈം മണി തട്ടിപ്പ്: കോടികളുമായി കമ്പനി ഡയറക്ടര്‍ മുങ്ങി, കേസ് ജില്ലാ ക്രൈംബ്രാഞ്ചിന്

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കോഴിക്കോട്ടെ എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡിനെതിരായ കേസുകള്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജീവനക്കാരില്‍ നിന്ന് മാത്രം 15 കോടിയോളം രൂപ കമ്പനി തട്ടിയെടുത്തതായാണ് കണക്ക്. കമ്പനിയുടെ പേരിലുള്ള വസ്തുവകകൾ കണ്ടു കെട്ടണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ കണ്ണൂര്‍ അര്‍ബന്‍ നിധി പ്രൈവറ്റ് ലിമിറ്റഡിന്‍റെ സഹോദര സ്ഥാപനമാണ് കോഴിക്കോട് പാലാഴി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന എനി ടൈം മണി പ്രൈവറ്റ് ലിമിറ്റഡ്. ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുക്കുകയാണ് കണ്ണൂര്‍ അര്‍ബന്‍ നിധി ലിമിറ്റഡ് ചെയ്തതെങ്കില്‍ ജോലിക്കായി ലക്ഷങ്ങള്‍ നിക്ഷേപം സ്വീകരിച്ച് ജീവനക്കാരെ വഞ്ചിക്കുകയാണ് എനി ടൈം മണി ലിമിറ്റഡ് ചെയ്തത്.

Signature-ad

ജീവനക്കാരുടെ പരാതിയില്‍ പന്തീരങ്കാവ് പൊലീസ് ആദ്യം രണ്ട് കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. പിന്നീട് പന്തീരങ്കാവ്, പന്നിയങ്കര, മുക്കം, കൊയിലാണ്ടി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പരാതികള്‍ എത്താന്‍ തുടങ്ങിയതോടെയാണ് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. 180 ജീവനക്കാരാണ് കോഴിക്കോട് പാലാഴിയിലെ എനി ടൈം മണി ഓഫീസില്‍ ജോലി ചെയ്തിരുന്നത്.

ടാര്‍ഗറ്റ് നല്‍കി ഇവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചിരുന്നു. കമ്പനി പൊളിഞ്ഞതോടെ വീട്ടിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് പലരും. കണ്ണൂര്‍ അര്‍ബന്‍ നിധി ഡയറക്ടര്‍ ഗഫൂര്‍, എനി ടൈം മണി ഡയറക്ടര്‍ ഷൗക്കത്ത് എന്നിവര്‍ നേരത്തെ കണ്ണൂരില്‍ പിടിയിലായിരുന്നു. എനി ടൈം മാനേജിംഗ് ഡയറക്ടര്‍ ആന്‍ററണി സണ്ണി നിലവില്‍ ഒളിവിലാണ്. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തളളിയിരുന്നു. ഇരു സ്ഥാപനങ്ങളിലെയും ഡയറക്ടര്‍മാരും ജീവനക്കാരുമടക്കം ഒമ്പത് പേരാണ് കേസി പ്രതികള്‍.

Back to top button
error: