LIFEMovie

ആടുതോമയുടെ രണ്ടാം വരവ് ആന ഇല്ലാത്ത ആറാട്ട് ആവില്ലെന്ന് ഭദ്രൻ

മുന്‍കാല ജനപ്രിയ ചിത്രങ്ങളുടെ റീമാസ്റ്റേര്‍ഡ് പതിപ്പുകളുടെ തിയറ്റര്‍ റിലീസ് പല ഭാഷകളിലും മുന്‍പ് സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ മലയാളത്തില്‍ അത്തരത്തിലൊന്ന് സംഭവിക്കാന്‍ ഇരിക്കുന്നതേയുള്ളൂ. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ എവര്‍ഗ്രീന്‍ ഹിറ്റ് സ്ഫടികമാണ് 4കെ റെസല്യൂഷനില്‍ റീമാസ്റ്ററിംഗ് നടത്തി എത്തുക. പുതിയ പതിപ്പിന്‍റെ ടീസര്‍ ഏതാനും ദിവസം മുന്‍പ് എത്തിയിരുന്നു. എന്നാല്‍ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷം റീമാസ്റ്ററിംഗ് പതിപ്പിലെ പശ്ചാത്തല സംഗീതത്തെക്കുറിച്ച് ആസ്വാദകരില്‍ ചിലര്‍ പങ്കുവച്ച ആശങ്കയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഭദ്രന്‍.

ഭദ്രന്‍റെ കുറിപ്പ്

പ്രിയപ്പെട്ടവരെ, ഫെബ്രുവരി 9 ന് സ്ഫടികം തീയേറ്ററുകളിൽ കാണാൻ പ്രതീക്ഷിച്ച് ഇരിക്കുന്നവർക്ക് എൻ്റെ പ്രണാമം. സ്ഫടികത്തെയും എന്നെയും സ്നേഹിക്കുന്ന ഒരു സഹോദരൻ ടീസറിനെ പറ്റി വാചാലനായി ഇട്ട കുറിപ്പ് കണ്ടപ്പോൾ എനിക്ക് പ്രയാസം തോന്നി. ആ വ്യക്തിയോടും നിങ്ങളോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ ഒന്ന് പറയട്ടെ, ടീസറിനെ സിനിമയുടെ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറും ആയി ബന്ധപ്പെടുത്തി ഒരിക്കലും കാണരുത്. ടീസർ കൊണ്ട് ഉദ്ദേശിക്കുന്നത്, അതിൽ സമന്വയിപ്പിച്ചിരിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ ഇത്രയും എഫക്ടീവ് ആയി ഉണ്ടാകണം എന്ന ബോധ്യത്തിൽ നിന്ന് ആണ്. അത് കാണുമ്പോൾ അത് അർഹിക്കുന്ന ആസ്വാദന തലത്തിൽ മാത്രമേ എടുക്കാവൂ. ഈ സിനിമയിലെ സംഘർഷങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ അന്ന് കമ്പോസ് ചെയ്യപ്പെട്ടിട്ടുള്ള ബാക്ക്ഗ്രൗണ്ട് സ്കോർ ഒരു പരിക്കും എൽപ്പിക്കാതെ പുനർ സൃഷ്ടിക്കണം എന്നത് തന്നെ ആയിരുന്നു SP വെങ്കിടേഷിനോട് എൻ്റെ ആദ്യത്തെ ഡിമാൻഡ്. കാരണം, അത് അത്രമാത്രം മനുഷ്യ ഹൃദയങ്ങളിൽ അലകൾ സൃഷ്ടിച്ചിട്ടുള്ളതാണ്. അത് അദ്ദേഹം പൂർണ അർത്ഥത്തിൽ നിർവഹിച്ചിട്ടുണ്ട്.

Don’t worry. ഞാൻ നിങ്ങളോടൊപ്പം ഇല്ലേ?? നിങ്ങൾ തരുന്ന സപ്പോർട്ടും കരുതലുമാണ് എന്നെ നിലനിർത്തുന്നത് എന്നുള്ള ഉറച്ച വിശ്വാസം എനിക്കുണ്ട്. നിങ്ങളുടെ വികാരം മനസ്സിലാക്കിയത് കൊണ്ടാണല്ലോ ഇതിനെ പുനർജീവിപ്പിക്കാൻ സ്ക്രീനിലേക്ക് എന്നെ പ്രേരിപ്പിച്ചത്. വളരെ സ്വാഭാവികം ആണ് അത് ഇന്നത്തെ പുതിയ ഡിജിറ്റൽ സ്ക്രീനിലേക്ക് വരുമ്പോൾ അതിൻ്റേതായിട്ടുള്ള ശോഭ കൂട്ടിച്ചേര്‍ക്കുക എന്നത്. ഉത്സവത്തിന് ആന ഇല്ലാത്ത ആറാട്ട് പോലെ ആവരുതല്ലോ ഇതിനെ പുനർ സൃഷ്ടിക്കുമ്പോൾ….

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: