പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, വിശദാംശങ്ങൾ മനസ്സിലാക്കുക
വ്യത്യസ്ത ഭക്ഷണശീലങ്ങളാലും ഡയറ്റു മൂലവുമൊക്കെ പലരും പ്രഭാതഭക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കാറില്ല. പക്ഷേ രാവിലെയുള്ള ഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുതെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ദീര്‍ഘകാലം പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് അമിതദേഷ്യം, മലബന്ധം, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് കാരണമാകുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗ സാധ്യത 27 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. രാത്രി ഏതാണ്ട് 12 മണിക്കൂറോളോളം ഭക്ഷണം കഴിക്കാതിരുന്ന ശേഷം നാം കഴിക്കുന്ന ഒരു ദിവസത്തെ ആദ്യത്തെ ഭക്ഷണമാണ് പ്രഭാതഭക്ഷണം. വിവിധ പഠനങ്ങള്‍ അനുസരിച്ച്, പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂട്ടുന്നു. കാരണം ഇത് ദീര്‍ഘകാല ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍ അളവ് കുറയുകയും ഉച്ചഭക്ഷണത്തിന് ശേഷം വര്‍ദ്ധിക്കുകയും ചെയ്യും. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.
ചില പ്രഭാതഭക്ഷണങ്ങള്‍ തലച്ചോറിന് ഉത്തേജനം നല്‍കുകയും ഹ്രസ്വകാല ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വിവിധ പഴങ്ങളും പച്ചക്കറികളും, കൊഴുപ്പ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ ആരോഗ്യകരമായ പ്രഭാതഭക്ഷണങ്ങൾ ഏകാഗ്രത വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.