തിരുവനന്തപുരം: പതിനാറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം തടവും 50,000 രൂപയും പിഴയും ശിക്ഷി. തിരുവനന്തപുരം വെമ്പായത്തിന് സമീപം താമസിക്കുന്ന അഖിൽ ജിത്തി (28,അപ്പു)നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് (പോക്സോ) കോടതി ജഡ്ജ് ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്. പീഡിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ അഖിൽ പതിനാറുകാരിയെ കടത്തിക്കൊണ്ടുപോയി അമ്പലത്തിൽവച്ച് താലി ചാർത്തി വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ആറ് ദിവസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. 2016 കാലയളവിലാണ് സംഭവം.
ഇയാൾക്കെതിരെ ബലാത്സംഗം കുറ്റം തെളിയിക്കപ്പെട്ടതിനാൽ പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയുമുണ്ട്. 10,000 രൂപ അതിജീവിതയ്ക്ക് നൽകണമെന്ന് കോടതി ഉത്തരവായി. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. റിമാൻഡ് കാലം ശിക്ഷയിൽ ഇളവുണ്ട്.
പോക്സോ നിയമ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരവും ഉള്ള കുറ്റം ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷ ഒരേ കാലാവധിയിൽ അനുഭവിച്ചാൽ മതി. കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി ബി മുകേഷ് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു. 19 രേഖ ഹാജരാക്കി. സ്പെ ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.