LocalNEWS

കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം 24-ന് കൊടിയേറും, ആറാട്ട് 31ന്

ഏറ്റുമാനൂർ: കാണക്കാരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ജനുവരി 24 – ന് കൊടിയേറി 31 -ന് ആറാട്ടോടുകൂടി സമാപിക്കും. ശ്രീകൃഷ്ണസ്വാമി ക്ഷേത്രസംരക്ഷണ സമിതിയുടെയും ഊരാണ്മ ദേവസ്വത്തിന്റെ നേതൃത്വത്തിൽ ഭക്തജന പങ്കാളിത്തത്തോടെയാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നത് . 22-ന് വൈകുന്നേരം അഞ്ച് മണിക്ക് കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ നിന്നും രഥഘോഷയാത്രയായി ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയിൽ എത്തും.

24 – ന് വൈകീട്ട് 7.30-ന് തന്ത്രി മനയത്താറ്റ് ചന്ദ്രശേഖരൻ നമ്പുതിരിയുടെ സാന്നിധ്യത്തിൽ മനയത്താറ്റ് കൃഷ്ണൻ നമ്പുതിരിയുടെയും മേൽശാന്തി ചിറക്കര തെക്കെ ഇല്ലത്ത് പ്രസാദ് നമ്പുതിരിയുടെയും മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് . എട്ടിന് കലാപരിപാടികൾ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഏഴാം ഉത്സവമായ 30 – ന് രാത്രി ഒൻപതിനാണ് പ്രസിദ്ധമായ പള്ളിവേട്ട. 31 – ന് ആറാട്ട് ദിവസം 5784-ാം നമ്പർ ശ്രീകൃഷ്ണ എൻ.എസ്.എസ്. കരയോഗത്തിന്റ ആറാട്ട് സദ്യ , വൈകുന്നേരം അഞ്ച് മണിക്ക് ദേശപ്രദക്ഷിണം (ആറാട്ട് പുറപ്പാട്) , രാത്രി ഏഴിന് വിവിധ സമുദായ സംഘടനകളുടെ മഹിളാ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ദേശതാലപ്പൊലി തുടർന്ന് തീർഥക്കുളത്തിൽ ആറാട്ട്.

Back to top button
error: