NEWSWorld

‘കഴുക്കോലൂരി വിറ്റ്’ ട്വിറ്റര്‍; ലോഗോ ‘പക്ഷി’യും ലേലത്തില്‍ പോയി

സാന്‍ഫ്രാന്‍സിസ്‌കോ: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ലോഗോ ശില്‍പം ഉള്‍പ്പെടെ ലേലത്തില്‍വിറ്റ് ട്വിറ്റര്‍. ചൊവ്വാഴ്ച മുതല്‍ കാലിഫോര്‍ണിയിലെ കമ്പനി ആസ്ഥാനത്തായിരുന്നു ലേലം്. 27 മണിക്കൂര്‍ നടത്തിയ ലേലത്തിന്റ സംഘാടനം നിര്‍വഹിച്ചത് ഹെറിറ്റേജ് ഗ്ലോബല്‍ പാട്‌നര്‍ ആണ്. 631 വസ്തുക്കളാണ് ലേലത്തില്‍ വിറ്റത്. ഓഫിസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളുമാണ് വിറ്റഴിച്ചതെന്ന് ട്വിറ്റര്‍ അറിയിച്ചു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പെടെയാണ് ലേലത്തില്‍ വിറ്റത്.

ഓണ്‍ലൈന്‍ ലേലത്തില്‍ ഏറ്റവും അധികം തുകയ്ക്ക് വിറ്റഴിക്കപ്പെട്ടത് ട്വിറ്ററിന്റെ ലോഗോ ആയ പക്ഷിയുടെ രൂപത്തിലുള്ള ശില്‍പമാണ്. ഒരു ലക്ഷം ഡോളറിനാണ് ശില്‍പം വിറ്റുപോയത്. നാല് അടിയോളം ഉയരമുള്ള ശില്‍പം ആരാണ് വാങ്ങിയതെന്ന് വ്യക്തമല്ല. ഏറ്റവും അധികം തുക ലഭിച്ച രണ്ടാമത്തെ വസ്തുവും ട്വിറ്റര്‍ പക്ഷിയുടെ ഒരു നിയോണ്‍ ഡിസ്പ്ലേയാണ്. 40,000 ഡോളറാണ് ലഭിച്ചത്.

Signature-ad

ആയിരക്കണക്കിന് മാസ്‌കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോണ്‍ ബൂത്തുകളും വിറ്റു. എല്ലാ ഉപകരണങ്ങള്‍ക്കും 25 ഡോളറിലും 55 ഡോളറിലുമാണ് ലേലം തുടങ്ങിയത്. ട്വിറ്റര്‍ ഏറ്റെടുത്തതിനുശേഷം ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ശക്തമായ ചെലവു ചുരുക്കല്‍ നടപടികളാണ് നടപ്പാക്കുന്നത്. പകുതിയിലേറെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനി വിവിധ ഓഫിസ് കെട്ടിടങ്ങളും അവിടുത്തെ ഉപകരണങ്ങളുമെല്ലാം വിറ്റഴിച്ച് കാശാക്കുകയാണ്.

എന്നാല്‍, സാമ്പത്തിക പരാധീനത മൂലമാണ് വസ്തുക്കള്‍ വിറ്റഴിക്കുന്നതെന്ന ആരോപണം ഹെറിറ്റേജ് ഗ്ലോബല്‍ പാര്‍ട്‌നര്‍ നിഷേധിച്ചു. ട്വിറ്റര്‍ വാങ്ങിയത് 44 ബില്യന്‍ ഡോളറിനാണ്. കുറച്ചു കസേരകളും ഡെസ്‌കുകളും കംപ്യൂട്ടറുകളുമാണ് വില്‍ക്കുന്നത്. കസേരയും മറ്റു വിറ്റ് ഇത്രയും വലിയ തുക കണ്ടെത്താനാകുമെന്ന് കരുതുന്നവര്‍ വിഡ്ഢികളാണെന്നും എച്ച്.ജി.പി പ്രതിനിധി പ്രതികരിച്ചു.

Back to top button
error: