കോഴിക്കോട്: കല്ലാച്ചിയില്‍ ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വാഹനം തകര്‍ത്തു; എസ്.ഐ. ഉള്‍പ്പെടെ പോലീസുകാര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തില്‍ കല്ലാച്ചി മലയില്‍ ഷിജില്‍ (31), കണ്ണച്ചാണ്ടി മഹേഷ് (42) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. കല്ലാച്ചി വലിയ പറമ്പത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് അക്രമം അരങ്ങേറിയത്.
ഉത്സവത്തിനിടെ ക്ഷേത്ര പരിസരത്ത് ഉത്സവ കമ്മറ്റി ഭാരവാഹികളുമായി വാക്കേറ്റവും സംഘര്‍ഷവും നടക്കുന്നതിനിടയില്‍ നിയന്ത്രിക്കാന്‍ എത്തിയ നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐ. കൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് രമേശന്‍ എന്നിവര്‍ക്കുനേരെ ആക്രമണമുണ്ടായി. ലഹരിസംഘമാണ് സംഘര്‍ഷമുണ്ടാക്കിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. വിവരമറിഞ്ഞ് നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.
അക്രമം നടത്തിയ കല്ലാച്ചി സ്വദേശികളായ ഷിജില്‍, മഹേഷ് എന്നിവരെ ബലമായി പിടികൂടി പോലീസ് വാഹനത്തില്‍ കയറ്റി. ഇതിനിടയിലാണ് പോലീസ് ജീപ്പിന്റെ ഗ്ലാസ് പ്രതികള്‍ ചവിട്ടി തകര്‍ത്തത്. അക്രമാസക്തരായ പ്രതികളെ ഏറെ പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് സ്റ്റേഷനിലും പ്രതികള്‍ അക്രമം കാണിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ പോലിസുകാര്‍ നാദാപുരം ഗവ ആശുപത്രിയില്‍ ചികിത്സ തേടി.
പോലീസുകാരെ മര്‍ദിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തതായി പോലീസ് പറഞ്ഞു. ഇതിനിടെ സംഘര്‍ഷമുണ്ടാക്കിയ യുവാവ് സംഭവ സ്ഥലത്ത് നിന്ന് മുങ്ങിയെന്നും ഇയാള്‍ക്കെതിരേ പോലീസ് നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.