CultureLIFE

ഇനി പടയണിക്കാലം; കോട്ടാങ്ങല്‍ പടയണിക്കു തുടക്കം കുറിച്ച് ചൂട്ടുവയ്പ്പ് 21ന്

പത്തനംതിട്ട: കോട്ടാങ്ങല്‍ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം 21 മുതല്‍ 28 വരെ നടക്കും. 21ന് ക്ഷേത്രത്തില്‍ ചൂട്ടുവയ്‌പോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കുളത്തൂര്‍ കരക്ക് വേണ്ടി പുത്തൂര്‍ രാധാകൃഷ്ണ പണിക്കരും കോട്ടാങ്ങല്‍ കരയ്ക്ക് വേണ്ടി കടൂര്‍ രാധാകൃഷ്ണക്കുറുപ്പും ആണ് ചൂട്ട് വയ്ക്കുന്നത്. ക്ഷേത്രത്തില്‍ പടയണിക്ക് തുടക്കം കുറിക്കുന്ന സുപ്രധാനമായ ചടങ്ങാണ് ചുട്ടുവയ്പ്.

ദേവി സന്നിധിയില്‍ പ്രാര്‍ഥിച്ച് സന്നിഹിതരായ സകലകരക്കാരുടെയും മുറിക്കാരുടെയും അനുവാദം തേടി, കരനാഥന്മാര്‍ ചൂട്ട് വെക്കുമ്പോള്‍ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് പടയണി ആരംഭിക്കും. 22 ന് ചൂട്ടുവലത്ത്, 23, 24, ഗണപതി കോലം, 25, 26 അടവി പള്ളിപ്പാന. 27, 28 തീയതികളിൽ വലിയ പടയണിയും നടക്കും.

Signature-ad

എല്ലാദിവസവും പടയണി ചടങ്ങുകള്‍ക്ക് മുന്‍പായി വിവിധ കലാപരിപാടികള്‍ കുളത്തൂര്‍ കോട്ടാങ്ങല്‍ കരക്കാരുടെ സ്‌റ്റേജുകളില്‍ നടക്കും. വലിയ പടയണി നാളുകളില്‍ തിരുമുഖദര്‍ശനം സാധ്യമാണ്. പുലര്‍ച്ചെ നാലിന് നടക്കുന്ന കാലന്‍ കോലം മഹാമൃത്യുഞ്ജയ ഹോമത്തിന് തുല്യം എന്ന് വിശ്വസിക്കപ്പെടുന്നു. 29 ന് പുലവൃത്തം തുള്ളി മത്സരപ്പടയണിക്കു പര്യവസാനം കുറിക്കും. കുളത്തൂര്‍, കോട്ടങ്ങല്‍, കരക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ആണ് യഥാക്രമം, പടയണി നടത്തുന്നത്.

പടയണിയുടെ സുഗമമായ നടത്തിപ്പിനായി എംഎല്‍എ , ജനപ്രതിനിധികള്‍,ആര്‍ ഡി ഒ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍, പടയണി സംഘം,ദേവസ്വം പ്രതിനിധികള്‍, അടക്കമുള്ളവര്‍ പങ്കെടുത്ത ഏകോപന സമിതി യോഗം നടന്നു. വിശ്വാസപരമായും ചരിത്രപരമായും സാംസ്‌കാരികപരമായും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കോട്ടങ്ങള്‍ പടയണി കാണുവാന്‍ ഒഴുകിയെത്തുന്ന ഭക്തജനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Back to top button
error: