KeralaNEWS

സിബിഐ അന്വേഷണം ശരിയായ രീതിയിലല്ല; കോടതിയുടെ മേൽനോട്ടം വേണം; വാളയാറിലെ പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയിൽ

കൊച്ചി: സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്ന് ആരോപിച്ച്, വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസ് അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്ന് പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

13 വയസ്സുകാരിയെ 2014 ജനുവരി 13നും ഒമ്പതു വയസ്സുകാരിയെ 2014 മാർച്ച് നാലിനും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വലിയ മധു, ചെറിയ മധു, ഷിബു, പ്രദീപ് എന്നിവർക്കെതിരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്​തു. പെൺകുട്ടികൾ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു കേസ്. 2019 ഒക്ടോബർ 25ന് പാലക്കാട് പോക്സോ കോടതി വലിയ മധു ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ സർക്കാറും പെൺകുട്ടികളുടെ അമ്മയും നൽകിയ ഹർജികളിൽ, പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി 2021 ജനുവരി ആറിന് ഹൈകോടതി റദ്ദാക്കി. പുനർവിചാരണ നടത്താനും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടാൽ തുടരന്വേഷണം അനുവദിക്കാനും പോക്സോ കോടതിക്ക് നിർദേശവും നൽകി. ഇതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.

Signature-ad

പെൺകുട്ടികളുടെ അമ്മ നൽകിയ ഹരജിയിൽ സി.ബി.ഐ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. സി.ബി.ഐ നൽകിയ റിപ്പോർട്ട് കഴിഞ്ഞ ആഗസ്റ്റിൽ തള്ളിയ വിചാരണ കോടതി, വീണ്ടും അന്വേഷണത്തിനുത്തരവിട്ടു. എന്നാൽ, ആരുടെയോ സ്വാധീനത്താൽ അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്നാരോപിച്ചാണ് അമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. പ്രതി പ്രദീപിന്‍റെയും സംശയ നിഴലിലായിരുന്ന ജോൺ പ്രവീണിന്‍റെയും മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: