NEWSWorld

മോഷണക്കുറ്റത്തിന് 4 പേരുടെ കൈ വെട്ടി; തീരാത്ത ‘വിസ്മയങ്ങ’ളുമായി താലിബാന്‍ ഭരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ മോഷണക്കുറ്റം ആരോപിച്ച് പൊതുസ്ഥലത്ത് നാല് പേരുടെ കൈ വെട്ടി. കാണ്ഡഹാറിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ് നാല് പേരുടെ കൈ വെട്ടിയത്. മോഷണക്കുറ്റവും പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധവും ആരോപിച്ച് ചൊവ്വാഴ്ച 9 പേരെ പൊതു സ്ഥലത്ത് ചാട്ട കൊണ്ട് അടിച്ചിരുന്നു. താലിബാന്‍ സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അഹമ്മദ് ഷാഹി സ്റ്റേഡിയത്തിലാണ് ഉത്തരവ് നടപ്പാക്കിയത്.

കുറ്റവാളികളെ 3539 തവണയാണ് ചാട്ടയടിച്ചതെന്ന് പ്രവിശ്യാ ഗവര്‍ണറുടെ വക്താവ് ഹാജി സയീദ് പറഞ്ഞു. ആളുകളെ ചാട്ടയടിക്കുന്നതും അംഗഛേദം ചെയ്യുന്നതും കൃത്യമായ വിചാരണയില്ലാതെയാണെന്ന് ആരോപണമുണ്ട്. അംഗഛേദം വരുത്തുന്നതിനെതിരേ രാജ്യാന്തര തലത്തില്‍ താലിബാന്‍ ഭരണകൂടത്തിനെതിരേ വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പ്രാകൃതമായ നടപടികളുമായി മുന്നോട്ട് പോകുന്നത്.

പൊതുസ്ഥലത്ത് ശിക്ഷ നടപ്പാക്കുന്നതിനെതിരേ ഐക്യരാഷ്ട്ര സംഘടന ശക്തമായി രംഗത്തെത്തി. 2022 നവംബര്‍ 18 മുതല്‍ സ്ത്രീകളും പുരുഷന്‍മാരുമുള്‍പ്പെടെ 100 പേരെ ചാട്ടയടിക്ക് വിധേയമാക്കിയെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. 20 മുതല്‍ 100 ചാട്ടയടിയാണ് നല്‍കുന്നത്. മോഷണം, നിയമവിരുദ്ധമായ ബന്ധങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് ചാട്ടയടി. സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഏറെയും ശിക്ഷിക്കപ്പെട്ടത്. 2022 ഡിസംബര്‍ ഏഴിന് ഫറ നഗരത്തില്‍ യുവാവിനെ പൊതുസ്ഥലത്ത് വധശിക്ഷയ്ക്കു വിധേയനാക്കി.

Back to top button
error: