KeralaNEWS

ജി.എസ്.ടി വകുപ്പിൽ അടിമുടി അഴിച്ചുപണി; പുനഃസംഘടന പൂര്‍ത്തിയാക്കി, നികുതിവകുപ്പിനെ മൂന്നായി വിഭജിച്ചു

തിരുവനന്തപുരം: സംസ്ഥാനം വല്ലാത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ വരുമാന വര്‍ദ്ധന ലക്ഷ്യമാക്കി ചരക്ക് സേവന നികുതി വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കി. കേരളത്തില്‍ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വളര്‍ച്ചനേടുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വരുമാനവര്‍ദ്ധന ലക്ഷ്യമാക്കിയാണ് വകുപ്പിന്റെ പുനഃസംഘടന പൂര്‍ത്തിയാക്കുന്നത്. നാളെ പുനഃസംഘടിപ്പിച്ച വകുപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

കേരളരൂപീകരണം മുതല്‍ ഇതുവരെ ഉണ്ടായിരുന്ന നികുതിഘടനയാണ് ജി.എസ്.ടിക്ക് വേണ്ടി പുനഃസംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും സമഗ്രമായ നികുതി പരിഷ്‌ക്കരണമാണ് കേരളത്തില്‍ നടപ്പാക്കിയിരിക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു. ഒറ്റ സംവിധാനത്തെ ടാക്‌സ്‌പേയര്‍ സര്‍വീസ്, ഓഡിറ്റ്, എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ഇന്റലിജന്‍സ് എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വിഭജിച്ചിരിക്കുന്നത്. നേരത്തെ എല്ലാ രജിസ്‌ട്രേഷനും പരിശോധനയും നടപടിയുമൊക്കെ ഒരേ ഉദ്യോഗസ്ഥര്‍ തന്നെ നടപ്പാക്കിയിരുന്നിടത്ത് ഇനിമുതല്‍ ഓരോ ചുമതല ഓരോ വിഭാഗമായിരിക്കും നിര്‍വഹിക്കുക. കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകളിലൂടെയും വിലയിരുത്തലുകളിലൂടെയും അര്‍ഹമായ നികുതി പിരിച്ചെടുക്കുകയെന്നതാണ് ലക്ഷ്യം.

ജി.എസ്.ടി നിലവില്‍ വന്നതോടെ ചെക്ക്‌പോസ്റ്റുകളും മറ്റും നിര്‍ത്തലാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന ചരക്കുകള്‍ക്ക് നികുതി ഈടാക്കിയാലും അത് നമുക്ക് ലഭിക്കണമെങ്കില്‍ ബില്ലുകള്‍ ഇവിടെ കിട്ടണം. എന്നാല്‍ പലപ്പോഴും അത് കിട്ടുന്നില്ല. ഇതുമൂലം 2-3 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഇതൊക്കെ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും. ഇത്തരത്തില്‍ പണം നഷ്ടപ്പെടുന്നത് നികത്താനാണ് നഷ്ടപരിഹാരം നല്‍കിയത്. അത് തുടരണമെന്നാണ് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഡിറ്റ്, ഇന്റലിജന്‍സ് സര്‍വീസ് വരുന്നതിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ ഒരുപരിധി വരെ പരിഹരിക്കാന്‍ കഴിയും.

1950-60 മുതലുള്ള നികുതിഘടനയിലാണ് വലിയ മാറ്റം വന്നിരിക്കുന്നത്. ഡെപ്യൂട്ടി കമ്മിഷണരുടെയും അസിസ്റ്റന്ററ് ടാക്‌സ് ഓഫീസര്‍മാരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വരുമാനം ഗണ്യമായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. വ്യാപാരികള്‍ ശേഖരിക്കുന്ന പണം കൃത്യമായി സര്‍ക്കാരിന് അടച്ചേപറ്റു. പുനഃസംഘടിപ്പിച്ച വകുപ്പിന്റെ ഔപചാരിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. ഇതിലൂടെ നികുതി സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനാകും. ഭൗതിക പരിശോധന പൂര്‍ണ്ണമായും ഒഴിവാക്കുകയെന്നല്ല. അത് നടക്കും. അതേസമയം ശാസ്ത്രീയമായ പരിശോധന നടത്തുകയെന്നതാണ് ഓഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

Back to top button
error: