CrimeNEWS

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി ബിരിയാണി കഴിച്ചു; ഭക്ഷണത്തില്‍ പാറ്റയെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, കുടുങ്ങുമെന്നായപ്പോള്‍ ഇറങ്ങി ഓടി

തിരുവനന്തപുരം: ബിരിയാണി കഴിച്ചശേഷം ഭക്ഷണത്തില്‍നിന്ന് പാറ്റയെ കിട്ടിയെന്ന് ബഹളംവെച്ച രണ്ടുപേര്‍ ഹോട്ടലുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടു. കണിയാപുരം റെയില്‍വേ സ്റ്റേഷനു സമീപത്തുള്ള ഹോട്ടലിലായിരുന്നു സംഭവം.

രാവിലെ പതിനൊന്നരയോടെ ഹോട്ടലിലെത്തിയ യുവാക്കള്‍ ആദ്യം ഹോര്‍ലിക്സും പിന്നീട് ബിരിയാണിയും ഓര്‍ഡര്‍ ചെയ്തു. കഴിച്ചു തീരാറായപ്പോഴാണ് ബിരിയാണിയില്‍ പാറ്റ കിടക്കുന്നതായി ബഹളമുണ്ടാക്കിയത്. പാറ്റയ്ക്ക് ചൂടു ബിരിയാണിയില്‍ കിടന്നതിന്റെ ലക്ഷണമില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് പറഞ്ഞതോടെ സംഘത്തിലെ ഒരാള്‍ തന്ത്രപൂര്‍വം പുറത്തിറങ്ങി. പിന്നാലെ രണ്ടാമനും. അതിലൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ ഇരുചക്രവാഹനത്തിന് നമ്പര്‍ പ്ലേറ്റില്ലെന്ന് മനസ്സിലാക്കിയ ജീവനക്കാര്‍ മറ്റേയാളെ തടഞ്ഞു വെച്ചു. പിന്നീട് ഇയാളും ഓടി രക്ഷപ്പെട്ടു.

വിവരമറിഞ്ഞെത്തിയ മംഗലപുരം പോലീസ് ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. മോഷണ വാഹനമായതിനാലാണ് നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്തതെന്നാണ് പോലീസ് നിഗമനം. ദൃശ്യങ്ങളില്‍ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

 

Back to top button
error: