തൃശൂർ: തൃശൂരിലെ ധനവ്യവസായ ബാങ്ക് തട്ടിപ്പ് കേസ് ക്രൈം ബ്രാഞ്ചും പൊലീസും അന്വേഷിക്കും. തൃശൂർ ഈസ്റ്റ് എസ്.ഐ നിഖിലിന്റെ നേതൃത്വത്തിൽ അഞ്ചംഗ ടീമായിരിക്കും കേസ് അന്വേഷിക്കുക. സ്ഥാപനത്തിനെതിരെ ചൊവ്വാഴ്ച ഒൻപത് പരാതികളിൽ കൂടി പൊലീസ് കേസെടുത്തിരുന്നു. ഇതിൽ ഒരെണ്ണം ക്രൈംബ്രാഞ്ചും എട്ടെണ്ണം പ്രത്യേക പൊലീസ് സംഘവും അന്വേഷിക്കും. തട്ടിപ്പിനിരയായ നിക്ഷേപകരുടെ യോഗം ഇന്ന് വടൂക്കരയിൽ ചേരുന്നുണ്ട്.
തൃശൂരിലെ ധനവ്യവസായ നിക്ഷേപത്തട്ടിപ്പിൽ 177 പേർക്ക് മാത്രം നൽകാനുള്ളത് നാല്പത്തിയഞ്ച് കോടിരൂപയെന്ന് പൊലീസ് നടത്തിയ പ്രാഥമിക കണക്കെടുപ്പിൽ കണ്ടെത്തിയിരുന്നു. തൃശൂർ പല്ലിശ്ശേരി സ്വദേശിക്ക് മാത്രം നൽകാനുള്ളത് 3.05 കോടി രൂപയാണ്. രണ്ടു കോടി നൽകാനുള്ളവരിൽ തിരുവനന്തപുരം സ്വദേശിയും തൃശൂർ സ്വദേശിയുമുണ്ടെന്നാണ് കണ്ടെത്തൽ. പരാതി പ്രളയമായതോടെ സിറ്റി പൊലീസ് പ്രത്യേക കൗണ്ടർ സജ്ജമാക്കിയിരുന്നു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ ധനവ്യവസായ തട്ടിപ്പിൻറെ കണക്കെടുപ്പിലാണ് കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച്. ധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും പാണഞ്ചേരി ജോയിയെ വിശ്വസിച്ച് കോടികൾ ബാങ്കിൽ നിക്ഷേപിച്ചിരുന്നതായാണ് കണ്ടെത്തൽ. പത്തുലക്ഷം മുതൽ ഒന്നരക്കോടിയോളം രൂപയാണ് ധനകാര്യ സ്ഥാപനങ്ങൾ ഇവിടെ നിക്ഷേപിച്ചത്. പതിനഞ്ച് ശതമാനം മുതൽ പതിനെട്ട് ശതമാനം വരെ പലിശ വാഗ്ദാനം ചെയ്ത് ജോയി സ്വകാര്യ വ്യക്തികളിൽ നിന്നും കോടികൾ വാങ്ങിക്കൂട്ടി.
തൃശൂർ ജില്ലയിൽ നിന്നുള്ളവർ മാത്രമല്ല, തിരുവനന്തപുരം, കണ്ണൂർ സ്വദേശികളും പണം നഷ്ടപ്പെട്ടവരിലുണ്ട്. തൃശൂർ പല്ലിശ്ശേരി സ്വദേശിക്ക് 3.05 കോടി രൂപയാണ് നൽകാനുള്ളത്. തിരുവനന്തപുരം എടപ്പഴഞ്ഞി സ്വദേശിക്ക് നഷ്ടപ്പെട്ടത് രണ്ടു കോടി രൂപയാണ്. തൃശൂരിൽ തന്നെയുള്ള പത്തിലേറെപ്പേർക്ക് ഒന്നരക്കോടിയോളം രൂപ നൽകാനുണ്ട്. പൊലീസിന് ഇതുവരെ ഇരുനൂറു പരാതികളാണ് ലഭിച്ചത്. നിക്ഷേപകർ കൂട്ടത്തോടെ പരാതിയുമായെത്തിയതോടെ സിറ്റി പൊലീസ് പ്രത്യേക കൗണ്ടർ സജ്ജമാക്കി. അതിനിടെ കേസന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ചിന് ഒളിവിൽ പോയ പാണഞ്ചേരി ജോയിയെയും കുടുംബത്തെയും ഇനിയും കണ്ടെത്താനായിട്ടില്ല. ജോയി കേരളം വിടാനുള്ള സാധ്യതയുള്ളതിനാൽ അറസ്റ്റ് വൈകിക്കരുതെന്നാണ് നിക്ഷേപകർ ആവശ്യപ്പെടുന്നത്.