രക്തസമ്മര്‍ദം കുറയ്ക്കും, ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയും, മുടി വളരാൻ സഹായിക്കും: മുന്തിരി ഔഷധ സമ്പുഷ്ടം
ഭക്ഷണത്തില്‍ മുന്തിരി ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്ന് വിദഗ്ധര്‍. 1600ലധികം സംയുക്തങ്ങളാണ് ഈ കുഞ്ഞന്‍ പഴത്തില്‍ അടങ്ങിയിട്ടുള്ളത്. മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോള്‍ എന്ന സംയുക്തം അണുക്കള്‍ക്കെതിരെ പോരാടി രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് മുന്തിരി. ഉയര്‍ന്ന അളവിലുള്ള രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ തടയാനും മുന്തിരി സഹായിക്കും. മുന്തിരിയുടെ വിത്തുകളില്‍ വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ മിനുസമാര്‍ന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും സഹായിക്കുന്നു.
മുന്തിരിയുടെ മറ്റു ഘടകങ്ങള്‍ മുഖക്കുരു തടയാനും തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടി വളരാനും സഹായിക്കുന്നു. മുന്തിരിയിലെ പ്രകൃതിദത്ത രാസവസ്തുക്കള്‍ തിമിരം, ഗ്ലോക്കോമ തുടങ്ങിയ നേത്രരോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. മുന്തിരിയില്‍ ലയിക്കാത്ത നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലമൂത്ര വിസര്‍ജനം എളുപ്പമാക്കുന്നു. മുന്തിരിയുടെ തോലില്‍ ഉറക്കം മെച്ചപ്പെടുത്തുന്ന മെലറ്റോണിന്‍ എന്ന രാസവസ്തു ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നല്ല ഉറക്കം നല്‍കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നു.
മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു. വായ, ശ്വാസകോശം, തൊണ്ട, പാന്‍ക്രിയാസ്, വന്‍കുടല്‍ തുടങ്ങിയ ഇടങ്ങളിലുണ്ടാകുന്ന കാന്‍സറുകളില്‍ നിന്ന് സംരക്ഷിക്കുന്നു. മുന്തിരി ജ്യൂസ് നല്ലതാണെങ്കിലും പഞ്ചസാര കൂടുതലായി ചേര്‍ക്കുന്നതിനാല്‍ അധികം കഴിക്കാത്തതാണ് ഗുണകരം. കൂടാതെ മുന്തിരിയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജ്യൂസടിക്കുമ്പോള്‍ അവ നഷ്ടപ്പെടുന്നു.