KeralaNEWS

ഹൈക്കോടതി വിധി തന്നെ മാത്രം ബാധിക്കുന്നതല്ല, തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമമെന്നും വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്.എൻ. ട്രസ്റ്റ് ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്തതിൽ പ്രതികരണവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ് എന്‍ ട്രസ്റ്റിലെ ബൈലോ ഭേദഗതി തന്നെ മാത്രം ബാധിക്കുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പൊതുവായ വിധിയാണ് വന്നത്. എല്ലാ ട്രസ്റ്റികളെയും ബാധിക്കുന്നതാണ് വിധി. തന്നെ കള്ളനാക്കാനാണ് ചില സ്ഥാനപ്രേമികളുടെ ശ്രമം. കേസ് തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ട്രസ്റ്റില്‍ നിന്നും മാറി നില്‍ക്കാന്‍ താന്‍ കേസില്‍ പ്രതിയല്ല. കേസില്‍ കുറ്റപത്രം കൊടുത്താല്‍ മാത്രമേ തനിക്ക് ബാധകമാകുകയുള്ളൂ. തനിക്കെതിരെയുള്ളത് സ്വകാര്യ അന്യായമാണ്. അത് എഴുതിത്തള്ളിയതാണ്. താന്‍ വീണ്ടും ഭാരവാഹിയാകരുതെന്ന് ആഗ്രഹിക്കുന്നവരുണ്ട്. താന്‍ ട്രസ്റ്റിലേക്ക് മത്സരിക്കുന്നത് തടയാന്‍ ശ്രമിക്കുന്ന അധികാര പ്രേമന്മാരാണ് കേസിന് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Signature-ad

കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എസ് എന്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്നും മാറി നില്‍ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്. എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ ഹൈക്കോടതി ഭേദഗതി വരുത്തി. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.  മുന്‍ ട്രസ്റ്റ് അംഗം കൂടിയായ അഡ്വ ചെറുന്നിയൂര്‍ ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വഞ്ചനാ കേസുകള്‍ക്ക് പുറമേ, ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിരിക്കുന്നവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് നിര്‍ദ്ദേശം. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവര്‍ കുറ്റവിമുക്തരാക്കപ്പെടുന്നതു വരെ ട്രസ്റ്റ് ഭാരവാഹികളായി തിരിച്ചു വരാന്‍ പാടില്ലെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിധിയില്‍ വ്യക്തമാക്കി.

Back to top button
error: