NEWSWorld

യുദ്ധങ്ങള്‍ പാഠം പഠിപ്പിച്ചു; ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നു: പാക് പ്രധാനമന്ത്രി

അബുദബി: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള ‘അല്‍ അറബിയ’ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുദ്ധങ്ങള്‍ പാഠങ്ങള്‍ പഠിപ്പിച്ചുവെന്നും ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി ഏറ്റുമുട്ടിയതിന്റെ ഫലം ദാരിദ്ര്യവും തൊഴിലില്ലായ്മയും സമ്മര്‍ദവുമാണ്. പരസ്പരം ഏറ്റുമുട്ടി സമയവും സമ്പത്തും പാഴാക്കേണ്ടതില്ല. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്ക് വഴിതുറക്കാന്‍ യു.എ.ഇയുടെ സഹായം തേടുമെന്നും ഷെരീഫ് വ്യക്തമാക്കി. പാക്കിസ്ഥാന്‍ കടുത്ത സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഷെരീഫിന്റെ പരാമര്‍ശം.

”ഇന്ത്യന്‍ നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ സന്ദേശം, കശ്മീര്‍ പോലുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ ചര്‍ച്ചകള്‍ നടത്താം എന്നതാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി നേടുകയും ചെയ്യുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. അതിനു പകരം പരസ്പരം വഴക്കിടുന്നത് സമയവും വിഭവങ്ങളും പാഴാക്കുന്നു. ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ ചെയ്തു. അവ കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ഞങ്ങള്‍ പാഠം പഠിച്ചു. ഇന്ത്യയുമായി സമാധാനത്തില്‍ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു” അദ്ദേഹം പറഞ്ഞു.

”ഇന്ത്യ ഞങ്ങളുടെ അയല്‍രാജ്യമാണ്. ഞങ്ങള്‍ അയല്‍ക്കാരാണ്. സമാധാനപരമായി ജീവിക്കുകയും പുരോഗതി പ്രാപിക്കുകയുമാണ് വേണ്ടത്. ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി രാജ്യത്തിന്റെ വിഭവങ്ങള്‍ പാഴാക്കാന്‍ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ആണവശക്തികളാണ്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍, എന്താണ് സംഭവിച്ചതെന്ന് പറയാന്‍ ആരാണ് ജീവിക്കുക?” അദ്ദേഹം ചോദിച്ചു.

അഭിമുഖത്തിനിടെ കശ്മീര്‍ വിഷയം പരാമര്‍ശിച്ച ഷെഹ്ബാസ് ഷെരീഫ്, ”പാക്കിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാല്‍, കശ്മീരില്‍ നടക്കുന്നത് അവസാനിപ്പിക്കണം” എന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഐക്യരാഷ്ട്രസംഘടനയുടെ ചര്‍ച്ചയ്ക്കിടെ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടിയതിന് പാക്കിസ്ഥാനെ ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

Back to top button
error: