CrimeNEWS

ലോകകപ്പ് ഫൈനലിലെ തര്‍ക്കം; പത്തനാപുരത്ത് പോലീസിനെ ആക്രമിച്ച സി.പി.എം നേതാവ് അറസ്റ്റില്‍

കൊല്ലം: പത്തനാപുരത്ത് പോലീസിനെ ആക്രമിച്ച സി.പി.എം പ്രാദേശിക നേതാവ് അറസ്റ്റില്‍. പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം ഡെന്‍സന്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ ദിവസം പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ്.

ഡിസംബര്‍ 18ന് രാത്രി 11.15 ഓടെയാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം ടൗണില്‍ ലോകകപ്പ് ഫുട്‌ബോള്‍ കാണാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ഇതിനിടെ ഒരു സംഘം യുവാക്കള്‍ ബൈക്കുകള്‍ റോഡില്‍വച്ച് മാര്‍ഗതടസ്സം ഉണ്ടാക്കുകയും ലൈറ്റുകള്‍ ഓഫ് ചെയ്യുകയും ചെയ്തു. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി മാറി. തടസ്സം പിടിക്കാന്‍ ചെന്ന മറ്റൊരു പോലീസുകാരനെ ഇവര്‍ അസഭ്യം പറയുകയും യൂണിഫോമില്‍ കയറി പിടിക്കുകയും കീഴ്താടിക്ക് തട്ടുകയും ചെയ്തതായാണ് കേസ്.

അറസ്റ്റിലായ ഡെന്‍സനു പുറമേ പത്തനാപുരം സ്വദേശി അനില്‍കുമാറും പ്രതിയാണ്. പോലീസുകാരെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഡെന്‍സന്‍ വര്‍ഗീസ് കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഒന്നാം പ്രതിയായ അനില്‍കുമാര്‍ ഇപ്പോഴും ഒളിവിലാണെന്ന് പത്തനാപുരം പോലീസ് അറിയിച്ചു.

Back to top button
error: