ജയ്പുര്‍: ആറാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ച് ഗ്രാമവാസികള്‍. രാജസ്ഥാനിലെ അജ്മീര്‍ ജില്ലയിലെ ഭാന്‍വ്ത ഗ്രാമത്തിലാണ് സംഭവം. ഇവിടുത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ മഹാലക്ഷ്മണ്‍ മേഘവന്‍ഷിക്കെതിരെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. 11 വയസുകാരിയെ മോശമായി സ്പര്‍ശിച്ചെന്നാണ് പരാതി.
തുടര്‍ന്നാണ് അധ്യാപകനെതിരേ ഗ്രാമീണര്‍ രംഗത്തെത്തിയതും മരത്തില്‍ കെട്ടിയിട്ടതും മര്‍ദിച്ചതും. ഇതിനു പിന്നാലെ ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുക്കുകയും ചെയ്തു. അധ്യാപകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരു സംഘം സ്‌കൂള്‍ ഗേറ്റടച്ച് പ്രതിഷേധിക്കുകയും ചെയ്തു.
വെള്ളിയാഴ്ച സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി വളരെയധികം പരിഭ്രാന്തയും ഭയചകിതയുമായിരുന്നു എന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് അധ്യാപകന്‍ മോശമായ ഉദ്ദേശത്തോടെ തന്നെ സ്പര്‍ശിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞതും തുടര്‍ന്ന് അവര്‍ പരാതി നല്‍കിയതും.