KeralaNEWS

കേരളത്തില്‍ ഗുണ്ടകളും മയക്കുമരുന്ന് മാഫിയയും അഴിഞ്ഞാടുകയാണെന്ന് വി.ഡി. സതീശൻ, നിയന്ത്രിച്ചില്ലെങ്കിൽ യു.ഡി.എഫ്. സമരത്തിന്

കോഴിക്കോട്: കേരളത്തില്‍ ഗുണ്ടകളും മയക്കുമരുന്ന് മാഫിയയും അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗുണ്ടാ – ലഹരിമാഫിയാ സംഘങ്ങളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും ബന്ധമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് മാഫിയയ്ക്ക് രാഷ്ര്ടീയ രക്ഷാകര്‍തൃത്വമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടിയതാണ്. അതാണ് ആലപ്പുഴയില്‍ കണ്ടതെന്നും സതീശൻ പറഞ്ഞു.

ആലപ്പുഴയിലെ സി.പി.എം. ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ലഹരി മാഫിയയ്ക്ക് പിന്നിലുണ്ടെന്ന് വി.ഡി. സതീശന്‍ ആരോപിച്ചു. ലഹരിമരുന്ന് മാഫിയയ്ക്ക് പ്രദേശിക തലത്തില്‍ എല്ലാ പിന്തുണയും നല്‍കുന്നത് സി.പി.എമ്മാണ്. ജീര്‍ണത ബാധിച്ചിരിക്കുന്ന പാര്‍ട്ടിയായി സി.പി.എം. മാറിയിരിക്കുകയാണ്. അപകടകരമായ നിലയില്‍ അണികളും നേതാക്കളും ഭരണത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എല്ലാ കേസിലും പാര്‍ട്ടി തന്നെ കോടതിയായി മാറുകയാണ്. ലഹരിമരുന്ന് കേസിലും പ്രധാന പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അധികാരം എത്രമാത്രം പാര്‍ട്ടിയെ ദുഷിപ്പിച്ചെന്ന് വ്യക്തമാക്കുന്നതാണ് ആലപ്പുഴയിലെ സംഭവങ്ങള്‍. നേതാക്കള്‍ രണ്ട് ചേരിയായി തിരിഞ്ഞ് സാമൂഹിക വിരുദ്ധരെ പ്രോത്സാഹിപ്പിക്കുകയാണ്. ഇരുസംഘങ്ങളും പരസ്പരം ഒറ്റിയപ്പോഴാണ് കാര്യങ്ങളെല്ലാം പുറത്തായത്. മുഖ്യമന്ത്രിക്ക് എല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ എണ്ണിത്തീര്‍ക്കാന്‍ കൗണ്ടിങ് മെഷീന്‍ വാങ്ങേണ്ട അവസ്ഥയാണ്. നമ്മുടെ കുഞ്ഞുങ്ങളെ അപകടത്തിലാക്കുന്ന സ്ഥിതിയിലേക്ക് കേരളം പോകുകയാണ്. ലഹരി- ഗുണ്ടാ മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനും സി.പി.എം. സാമൂഹിക വിരുദ്ധ സംഘങ്ങളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാനും തയാറായില്ലെങ്കില്‍ അതിശക്തമായ സമരവുമായി യു.ഡി.എഫും കോണ്‍ഗ്രസും മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Back to top button
error: