ശബരിമല: മകരവിളക്കിന് കോളടിച്ച് കെ.എസ്.ആര്‍.ടി.സി; പമ്പയില്‍ മാത്രം വരുമാനം 31 ലക്ഷം രൂപ! മകരവിളക്ക് ദര്‍ശനത്തിന് ശേഷം സന്നിധാനത്തു നിന്ന് പമ്പയിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് യാത്രാ ക്രമീകരണമൊരുക്കിയതിലൂടെയാണ് കെ എസ് ആര്‍ ടി സിക്ക് ഈ വരുമാനം ലഭിച്ചത്. മകരവിളക്ക് ദര്‍ശനശേഷമുള്ള ഭക്തരുടെ മടക്കത്തിലൂടെ ശനിയാഴ്ച്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച്ച അര്‍ധരാത്രി വരെയുള്ള കണക്കാണിത്. കുറ്റമറ്റരീതിയിലായിരുന്നു കെ എസ് ആര്‍ ടി സി തീര്‍ത്ഥാടകരുടെ മടക്കയാത്രക്കായുള്ള ബസ് സര്‍വ്വീസുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും ക്രമീകരിച്ചത്.
സര്‍വ്വീസുകള്‍ ക്രമീകരിച്ചതിനൊപ്പം ഏറ്റവും തിരക്കേറിയ ശനിയാഴ്ച്ച രാത്രിയില്‍ നിരത്തില്‍ തടസ്സങ്ങളില്ലാതെ സര്‍വ്വീസ് നടത്തുന്നതിനും ഇത്തവണ കെ എസ് ആര്‍ ടി സി ശ്രദ്ധ പുലര്‍ത്തി. തങ്ങളുടെ ജീവനക്കാര്‍ ഗതാഗത കുരുക്കുണ്ടാക്കിയാല്‍ അത് നിരീക്ഷിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് സംവിധാനമൊരുക്കി. യന്ത്രത്തകരാര്‍ മൂലം ബസുകള്‍ നിരത്തില്‍ കിടക്കുന്നതൊഴിവാക്കാന്‍ ഇരുചക്രവാഹനത്തില്‍ മെക്കാനിക്കിന്റെ സേവനവും നിരത്തില്‍ സാധ്യമാക്കിയിരുന്നു.