കൊച്ചി: പോലീസ് ഏര്‍പ്പെടുത്തിയ നിര്‍ദ്ദേശങ്ങളുടെ പേരില്‍ ഫ്‌ളാറ്റ് അസോസിയേഷന്‍ സദാചാര പോലീസിങ് നടത്തുന്നതായി പരാതി. കാക്കനാട്ടെ ‘ഒലിവ് കോര്‍ഡ് യാര്‍ഡ്’ ഫ്‌ളാറ്റ് അസോസിയേഷനെതിരെയാണ് വാടകയ്ക്ക് താമസിക്കുന്ന 64 കുടുംബങ്ങള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സുരക്ഷയുടെ പേരില്‍ പോലീസ് ആവശ്യപ്പെട്ട പ്രകാരമാണ് നിയന്ത്രണങ്ങളെന്നാണ് അസ്സോസിയേഷന്റെ മറുപടി.
ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് പോലും വാടകയ്ക്ക് താമസിക്കുന്ന ഫ്‌ളാറ്റിലേക്ക് കയറണമെങ്കില്‍ ദിവസവും തിരിച്ചറിയല്‍ രേഖ കാണിക്കേണ്ട അവസ്ഥയാണെന്നാണ് 2 വര്‍ഷമായി ഇവിടെ താമസിക്കുന്ന കുടുംബം പറയുന്നത്. വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ അകത്തേക്ക് കയറ്റിവിടുകയുള്ളുവെന്ന അവസ്ഥയുണ്ടെന്നും പരാതിയുന്നയിച്ചവര്‍ പറയുന്നു. താമസക്കാരുടെ എതിര്‍ലിംഗത്തില്‍ പെട്ട ആര് വന്നാലും പ്രവേശനമില്ല. മകന്‍ ഈ ഫ്‌ളാറ്റില്‍ താമസിക്കുന്നുണ്ടെന്നും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞിട്ടും അച്ഛനമ്മാരെ പോലും സെക്യൂരിറ്റി പുറത്ത് നിര്‍ത്തിയ സ്ഥിതിയുണ്ടായെന്നും ഇവര്‍ ആരോപിക്കുന്നു.
ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ഏറ്റവും അടുത്തുള്ള ഫ്‌ളാറ്റാണ് ഒലിവ് കോര്‍ഡ് യാര്‍ഡ്. 5 ടവറുകളിലായി 500 അധികം ഫ്‌ളാറ്റുകളുണ്ട്. പല ഷിഫ്റ്റുകളിലായി ഐടി ജോലി കഴിഞ്ഞ് എത്തുന്നവര്‍ ക്ഷമയോടെ മറുപടി പറഞ്ഞാലെ ഫ്‌ളാറ്റ് സമുച്ചത്തിലേക്ക് പ്രവേശിപ്പിക്കൂവെന്നാണ് സ്ഥിതി.
ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ക്രിമിനല്‍ കേസുകള്‍ കൂടി വരുന്ന പശ്ചാത്തലത്തില്‍ താമസക്കാരുടെ പേര് വിവരങ്ങള്‍ സൂക്ഷിക്കാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ മറവില്‍ വ്യക്തി സ്വാതന്ത്രത്തിലുള്ള അനാവശ്യ കടന്നുകയറ്റമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയത്. അസോസിയേഷന്‍ പ്രതിനിധികളുടെ പ്രതികരണം നേരിട്ട് എടുക്കാനെന്ന് അറിയിച്ചിട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കും ഫ്‌ളാറ്റിനുള്ളിലേക്ക് പ്രവേശനം അനുവദിച്ചില്ല.