LIFEReligion

പഴനി തീർത്ഥാടകരുടെ ശ്രദ്ധക്ക്… കുംഭാഭിഷേകം നടക്കുന്നതിനാൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം 

പൊള്ളാച്ചി: കുംഭാഭിഷേകം നടക്കുന്നതിനാൽ പഴനി ക്ഷേത്രത്തിൽ ഈ മാസം 23 മുതൽ 27 വരെ ദർശനത്തിനു നിയന്ത്രണം. ജനുവരി 27നു കുംഭാഭിഷേകം നടക്കാനിരിക്കെയാണ് 23-27വരെ ദർശനം നടത്താൻ കഴിയില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചത്. കുംഭാഭിഷേകത്തോടനുബന്ധിച്ച് മുരുക ഭ​ഗവാന്റെ നവപാഷാണ വി​ഗ്രഹം ശുദ്ധികലശം ചെയ്യുന്നതിനാലാണു ദർശനം അനുവദിക്കാത്തത്. ഈ ദിവസങ്ങളിൽ ആവാഹനം നടത്തിയ വി​ഗ്രഹം ദർശിക്കാമെന്നും അറിയിച്ചു.

27നു നടക്കുന്ന കുംഭാഭിഷേകത്തിൽ ആറായിരം ഭക്തർക്കേ പ്രവേശനമുള്ളു. ഓൺലൈൻ വഴി അപേക്ഷ നൽകിയവരിൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന 3000ഭക്തർക്കേ കുംഭാഭിഷേകത്തിൽ പങ്കെടുക്കാനാകൂ. ആഘോഷത്തിന്‌ മുന്നോടിയായി ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം. ഫെബ്രുവരി നാലിന് തൈപ്പൂയ്യ ഉത്സവവും നടക്കും. ചടങ്ങ്‌ നടക്കുന്ന ദിവസം ബലൂണിൽ ഘടിപ്പിച്ച ക്യാമറമുഖേന പോലീസ് നിരീക്ഷണം നടത്തും.

കുംഭാഭിഷേകത്തിന്റെ ഭാഗമായി പഴനിമല ക്ഷേത്രത്തിൽ നടക്കുന്ന അന്നദാനം, ജനുവരി 23 മുതൽ പഴനി അടിവാരം വടക്കു ഗിരിവീഥിയിലെ കുടമുഴക്ക് നിനവരങ്ങിൽ നടക്കും. ഭക്തരുടെ സൗകര്യത്തിനായി മലയടിവാരം മുതൽ ബസ് സ്റ്റാൻഡ് വരെ എൽ.ഇ.ഡി. ടി.വി.കൾ (സ്‌ക്രീനുകൾ) നിരീക്ഷണ ക്യാമറകൾ, ദിശാ ബോർഡുകൾ എന്നിവ സ്ഥാപിക്കുമെന്ന് ജില്ലാ എസ്.പി. ഭാസ്കരൻ പറഞ്ഞു. സുരക്ഷയ്ക്കായി 1,500 പോലീസുകാരെ നിയോഗിച്ചു.

പ്രവേശനം 7.15 വരെ

കുംഭാഭിഷേകത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിച്ച 6,000 പേരെ 27-ന് പുലർച്ചെ നാലുമണി മുതലേ കടത്തിവിടൂ. കാലത്ത് 7.15 മണി വരെയാണ് പ്രവേശിക്കാൻ അനുവദിക്കുക. 3,000 പേരെ ഓൺലൈൻ വഴിയാണ് തിരഞ്ഞെടുക്കുക. അനുമതി ലഭിക്കുന്ന 6,000 പേരിൽ ആയിരം പേർ വിഞ്ച് (ട്രെയിൻ) വഴിയും ആയിരം പേർ റോപ്പ് കാർ വഴിയുമാണ് മലമുകളിലേക്ക്‌ പോകേണ്ടത്. ബാക്കിയുള്ളവർ ആനപ്പാത വഴിയും പോകണം. ജനുവരി 23 മുതൽ 27 വരെ ക്ഷേത്രത്തിൽ സ്വർണത്തേര്‌ എഴുന്നള്ളിപ്പുണ്ടാവില്ല.

Back to top button
error: