CrimeNEWS

തളിപ്പറമ്പിലെ അധ്യാപകനെതിരെ 26 പോക്സോ കേസുകൾ, ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നത് സംസ്ഥാനത്ത് തന്നെ ആദ്യം

തളിപ്പറമ്പ്: കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ 26 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഞ്ച് വിദ്യാർഥിനികളുടെ പരാതിയിലാണ് കേസുകൾ എടുത്തിരുന്നത്. പ്രതിയായ അറബി അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി എം.ഫൈസലിനെ (52) കഴിഞ്ഞ ദിവസം തന്നെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.

തളിപ്പറമ്പ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കൂടുതൽ ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴികൾ ശേഖരിച്ചപ്പോഴാണ് 21 പേർ കൂടി അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് മൊഴി നൽകിയത്. 2021 നവംബർ മുതലാണ് ഫൈസൽ 6, 7 ക്ലാസ്സുകളിലെ വിദ്യാർഥിനികളെ ഉപദ്രവിച്ച് തുടങ്ങിയതത്രെ. ക്ലാസ് സമയങ്ങളിലാണ് ഇയാൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. ഇതു തുടർന്നപ്പോൾ ചില വിദ്യാർഥിനികൾ ഇയാളുടെ ക്ലാസിൽനിന്നു മാറണമെന്ന് മറ്റ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു.

Signature-ad

കൂടുതൽ വിദ്യാർഥിനികൾ ഈ ആവശ്യവുമായി എത്തിയപ്പോൾ സംശയം തോന്നിയ സ്കൂൾ അധികൃതർ വിദ്യാർഥിനികളെ കൗൺസിലിങ്ങിനു വിധേയമാക്കിപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നേരത്തെ കണ്ണൂർ ഭാഗത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ഫൈസൽ അവിടെ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ബാങ്ക് സംവിധാനം വഴിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ എത്തിയത്. മലപ്പുറം സ്വദേശിയായ ഇയാൾ സ്കൂളിൽ തന്നെയായിരുന്നു താമസിച്ചിരുന്നതും. ഫൈസലിന്റെ ക്ലാസുകളിലെ വിദ്യാർഥിനികളെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കുവാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

Back to top button
error: