തിരുവനന്തപുരം: മറ്റൊരു വിവാഹം കഴിക്കാന്‍ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ. വിഷ്ണു 17ന് ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു.
സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ അതിധാരുണമായി കൊലപ്പെടുത്തിയത്. സുനിതയെ മണ്‍വെട്ടി കൈകൊണ്ട് തലയക്ക് അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് മൂന്ന് കഷ്ണങ്ങളാക്കി പ്രതിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ തളളുകയായിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
കൊല്ലപ്പെട്ടത് സുനിതയാണെന്ന് കോടതി നിര്‍ദേശപ്രകാരം നടത്തിയ ഡി.എന്‍.എ ടെസ്റ്റിലൂടെ തെളിഞ്ഞിരുന്നു. കോടതിയുടെ നേരിട്ടുള്ള ചോദ്യം ചെയ്യലില്‍ മണ്‍വെട്ടി കൈ കൊണ്ടല്ല ഓല മടല് കൊണ്ടാണ് താന്‍ സുനിതയെ അടിച്ചതെന്നും തന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹ അവശിഷ്ടം പോലീസ് കണ്ടെടുത്തതായും പ്രതി സമ്മതിച്ചിരുന്നു.
സുനിതയുടെ മക്കള്‍ രണ്ട് പേരും അച്ഛന്‍ അമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം മണ്ണെണ്ണ ദേഹത്ത് ഒഴിയ്ക്കുന്നത് കണ്ടതായി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ആ സമയം അച്ഛന്റെ അമ്മ വന്ന് തങ്ങളെ അടുത്ത വീട്ടിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ഭക്ഷണം നല്‍കി. പിന്നീട് ഇന്നു വരെ അമ്മയെ കണ്ടിരുന്നില്ലെന്നും കുട്ടികള്‍ മൊഴി നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.