KeralaNEWS

ജനങ്ങളെ കുടിയിറക്കില്ല, കൃഷി വിലക്കില്ല; ബഫർ സോണിൽ വ്യക്തത നൽകി കേന്ദ്ര സർക്കാർ

ദില്ലി: ബഫർ സോണിൽ വ്യക്തത നൽകി കേന്ദ്ര സർക്കാർ. ബഫർ സോൺ നടപ്പിലാക്കുമ്പോൾ ജനങ്ങളെ കുടിയിറക്കില്ലെന്നും കൃഷി ഉൾപ്പെടെയുള്ള കാർഷികവൃത്തി വിലക്കില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. കെ മുരളിധരൻ എംപിക്ക് നൽകിയ കത്തിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിശദീകരണം. സംരക്ഷിത വനമേഖലയിൽ ഖനനത്തിനും, ക്വാറിക്കും,വൻകിട നിർമ്മാണങ്ങൾക്കും മാത്രമാണ് ബഫർ സോണിൽ നിരോധനമേർപ്പെടുത്തുകയെന്നാണ് കത്തിൽ വനം പരിസ്ഥിതി മന്ത്രാലയം വിശദീകരിക്കുന്നത്. അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനകൾ പ്രകാരം അനുവാദമുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി.

ബഫർസോണുമായി ബന്ധപ്പെട്ട് കേരളത്തിലെ മലയോരമേഖലകളിൽ അടക്കം വലിയ ആശങ്ക നിലനിൽക്കെയാണ് കേന്ദ്രസർക്കാർ ഈക്കാര്യത്തിൽ വ്യക്തത വരുത്തുന്നത്. സംരക്ഷിതവനമേഖലയ്ക്ക് ചുറ്റും ബഫർസോണായി പ്രഖ്യാപിച്ചാൽ അവിടെ നിന്ന് ജനങ്ങളെ കുടിയിറക്കുകയോ, മാറ്റിതാമസിപ്പിക്കുകയോ ചെയ്യില്ല. ജനജീവിതത്തെയോ തൊഴിലിനെയോ ബാധിക്കുന്ന നടപടികൾ ഉണ്ടാകില്ല. കൃഷി, കന്നുകാലി വളർത്തൽ, മത്സകൃഷി, എന്നിവയ്ക്ക് നിരോധനമില്ല. എന്നാൽ ഖനനം, ക്വാറി, ക്രഷർ യൂണിറ്റ് ,വൻകിടനിർമ്മാണപ്രവർത്തനങ്ങൾ നിരോധിക്കും. അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾക്ക് നിബന്ധനപ്രകാരം അനുവാദം നൽകുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

Signature-ad

സംസ്ഥാനങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശപ്രകാരമാണ് ഒരു സ്ഥലത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതെന്നും കേന്ദ്രം പറയുന്നു. കേരളത്തിൽ നടത്തിയ ഉപഗ്രഹസർവേ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കെ.മുരളീധരൻ എംപി പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്രം മറുപടി നൽകിയത്.ഈ വിഷയത്തിലെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതെസമയം ബഫർസോൺ വിധിയിൽ വ്യക്തത തേടി കേന്ദ്രവും കേരളവും കർഷകസംഘടനകളും നൽകിയ ഹർജി തിങ്കളാഴ്ച്ചയാണ് സുപ്രീം കോടതി പരിഗണിക്കുക. കരട് വിജ്ഞാപനം വന്ന മേഖലകളെ ബഫർസോൺ വിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Back to top button
error: