ആലപ്പുഴ: സിപിഎമ്മിൽ ചേരിപ്പോര് രൂക്ഷമായ കുട്ടനാട്ടിൽ പ്രശ്ന പരിഹാരത്തിനായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാന്റെ നേതൃത്വത്തിൽ അനുരഞ്ജന ചർച്ചകൾ നടന്നു. കുട്ടനാട് ഏരിയാ കമ്മിറ്റിയുടെ ഏകപക്ഷീയമായ പ്രതികാര നടപടികളിൽ പ്രതിഷേധിച്ച് ഒരു മാസത്തിനിടെ 289 പേർ രാജിക്കത്ത് നൽകിയതോടെയാണ് സംസ്ഥാന നേതൃത്വം ഇടപെട്ടത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നും ഒരാളും പാര്‍ട്ടി വിട്ടുപോവില്ലെന്നും മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.
ലഹരിക്കടത്ത് വിവാദത്തിൽ കടുത്ത പ്രതിരോധത്തിലായ സിപിഎമ്മിന് പുതിയ തലവേദനയാണ് കുട്ടനാടിലെ കൂട്ടക്കൊഴിഞ്ഞുപോക്ക്. ഇതിനകം ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 6 ലോക്കൽ കമ്മിറ്റികളിൽ നിന്നായി പാർട്ടിയിൽ നിന്ന് രാജിക്കത്ത് നൽകിയത് 289 പേർ. കഴിഞ്ഞ പാര്ട്ടി സമ്മേളനങ്ങള്‍ മുതല്‍ ഏരിയാ കമ്മിറ്റിയുടെ പ്രവര്‍ത്തനശൈലിക്കെതിരെ വിവിധ ലോക്കല്‍ കമ്മറ്റികള്‍ പ്രതിഷേധത്തിലാണ്. കൂട്ടരാജി തുടങ്ങുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ വിഭാഗീയത അവസാനിപ്പിക്കാനെന്ന പേരിൽ ഏരിയാ കമ്മിറ്റി പ്രതികാര നടപടികൾ സ്വീകരിക്കുന്നു എന്നാരോപിച്ച് അന്ന് രാമങ്കരി ലോക്കൽ കമ്മിറ്റിയിൽ നിന്ന് 46 പേരാണ് രാജി വെച്ചത്. തൊട്ടുപിറകെ തലവടി നോർത്ത്, മുട്ടാറ്റ്, വെളിയനാട് ലോക്കൽ കമ്മിറ്റിക്കളിൽ നിന്നും രാജിക്കത്തുകൾ ഒഴുകി. ഏറ്റവും ഒടുവിൽ ഇന്നലെ പുളിങ്കുന്ന് ലോക്കൽ കമ്മിറ്റിയിലെ ഏരിയാ കമ്മിറ്റി അംഗം മുഴുവൻ പേരും ജില്ലാ, സംസ്ഥാന നേത്യത്വങ്ങൾക്ക് രാജിക്കത്തയച്ചു. വരും ദിവസങ്ങളിലും രാജി പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് നേതൃത്വത്തിന് ലഭിച്ച റിപ്പോർട്ടുകൾ.
നീലംപേരൂർ, കാവാലം, കുന്നുമ്മൽ ലോക്കൽ കമ്മിറ്റികളാണ് പുതിയതായി പ്രതിഷേധ സ്വരം ഉയർത്തുന്നത്. ഇതോടെയാണ് സംസ്ഥാന നേതൃത്വം പ്രതിസന്ധി പരിഹാരത്തിനായി പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മന്ത്രിയുമായ സജി ചെറിയാനെ നിയോഗിച്ചത്. ഏരിയാ കമ്മിറ്റി ഓഫീസിലായിരുന്നു ചര്‍ച്ച. പരാതികള്‍ക്കെല്ലാം പരിഹാരം കണ്ടെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തുടരുമെന്നും മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു.