തൃശൂര്‍: അതിഥിത്തൊഴിലാളികളെ ആല്‍മരത്തിനു മുകളില്‍ കയറ്റി പണവും ഫോണുമടക്കം അടിച്ചുമാറ്റിയതായി പരാതി. തൃപ്രയാറിന് സമീപം വലപ്പാടണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ടാണ് 4 അതിഥിത്തൊഴിലാളികളെ മലയാളിയായ ഒരാള്‍ വിളിച്ചത്. ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു. തോര്‍ത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേര്‍ക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി.
ആലില പറിക്കുന്നതിനിടെ താഴേക്കു നോക്കിയ തൊഴിലാകളികള്‍ ഞെട്ടി! ജോലിക്കു വിളിച്ചയാള്‍ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന 2 മൊബൈല്‍ ഫോണുകളും പണവുമായി മുങ്ങുന്നതാണ് അവര്‍ കണ്ടത്. ആലിനു മുകളില്‍ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാള്‍ കടന്നുകളഞ്ഞെന്നു. വസ്ത്രങ്ങള്‍ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
വലപ്പാട് സ്റ്റേഷനിലെത്തിയ ഇവര്‍ ഇന്‍സ്പെക്ടര്‍ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോണ്‍ നമ്പര്‍ നല്കി. അതില്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. ഝാര്‍ഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.