IndiaNEWS

ഭൂമി ഇടിയുന്ന ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരം; 600 വീടുകള്‍ ഒഴിപ്പിച്ചു; നിര്‍മ്മാണപ്രവര്‍ത്തനങ്ങൾ നിര്‍ത്തി

നൈനിറ്റാൾ: ഭൂമി ഇടിഞ്ഞുതാഴുകയും വീടുകളില്‍ വിള്ളലുകളുണ്ടാവുകയും ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതമെന്നു റിപ്പോർട്ട്. ഇവിടെ നിന്ന് ഇതുവരെ 600 വീടുകള്‍ ഒഴിപ്പിച്ചതായും, നാലായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപഗ്രഹ സര്‍വേയ്ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുന്നത്. ഹെലിക്കോപ്റ്ററുകള്‍ അടക്കം രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമാക്കി.

ജോഷിമഠിലും സമീപപ്രദേശങ്ങളിലും എല്ലാ നിര്‍മാണപ്രവൃത്തികളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹെലാങ് മര്‍വാരി ബൈപ്പാസ്, എന്‍ടിപിസിയുടെ ഹൈഡല്‍ പ്രൊജക്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. ജോഷിമഠിന് സമീപമുള്ള ജ്യോതിര്‍മഠിലെ ശങ്കരാചാര്യ മഠത്തിലും വിള്ളല്‍ രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ 15 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ വിള്ളലുകളുണ്ടായതെന്ന് മഠ അധികൃതര്‍ പറയുന്നു. ജോഷിമഠിലെ 600ലേറെ വീടുകളില്‍ വിള്ളല്‍ വീഴുകയും ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണ് കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍.

Signature-ad

അതേസമയം, കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. അതിനിടെ ഇന്ന് രണ്ട് കേന്ദ്ര സംഘങ്ങള്‍ കൂടി ജോഷിമഠ് സന്ദര്‍ശിക്കും. ദേശീയ ബില്‍ഡിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് അംഗങ്ങളും നാളെ ജോഷിമഠില്‍ എത്തുമെന്നാണ് സൂചന. പ്രദേശത്തു നിന്നും മാറ്റിപാര്‍പ്പിച്ചവര്‍ക്ക് ആറ് മാസക്കാലത്തേക്ക് പ്രതിമാസം 4000 രൂപ വീതം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോഷിമഠ് വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീംകോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

 

Back to top button
error: