പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി; സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. ഇതിന് സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായായിരുന്നു സര്‍ക്കാര്‍ 60 ജി.എസ്.എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്.
പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം കേന്ദ്ര സര്‍ക്കാരിനാണ് ഇത്തരത്തില്‍ നിരോധനങ്ങളോ നിയന്ത്രണങ്ങളോ കൊണ്ടുവരാനുള്ള അധികാരമെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.