തിരുവനന്തപുരം: ഭക്ഷ്യ വിഷബാധ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ നിർദേശങ്ങളുമായി ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ. ഷവര്‍മ പോലെയുള്ള ഭക്ഷണം പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളില്‍ നിന്ന് ഇവ കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ പറഞ്ഞു. ഭക്ഷ്യവിഷബാധ വര്‍ധിക്കുന്നുവെന്നത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ഷവര്‍മ അടക്കമുള്ള ഉല്‍പന്നങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ കഴിച്ചില്ലെങ്കില്‍ അത് കേടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങള്‍ പാഴ്സല്‍ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതല്‍ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നടപടി വേഗത്തില്‍ പൂര്‍ത്തിയായാല്‍ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭക്ഷ്യവിഷബാധയുടെ പേരില്‍ ലൈസന്‍സ് റദ്ദാക്കുന്ന ഹോട്ടലുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിന്നീട് ലൈസന്‍സ് അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാസര്‍കോട്ടെ സംഭവം അന്വേഷിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷനോട് നിര്‍ദേശിച്ചതായും മന്ത്രി പറഞ്ഞു.