അടൂർ: ജനങ്ങളുടെ പേടിസ്വപ്നമായി മാറിയ കൊടുംക്രിമിനലുകളായ ഇരട്ടസഹോദരന്മാരെ ഒടുവിൽ കരുതല്‍ തടങ്കലിലാക്കി. നിരന്തരം ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് നാട്ടില്‍ അരാജകത്വം സൃഷ്ടിച്ച ഇരട്ടസഹോദരന്മാരെ 6 മാസത്തേക്കാണ് കരുതല്‍ തടങ്കലിലാക്കിയത്. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടില്‍ തുളസിയുടെ മക്കളായ കണ്ണന്‍ എന്ന് വിളിക്കുന്ന മായാസെന് (32), വിഷ്ണു എന്ന് വിളിക്കുന്ന ശേഷാസെന്‍ (32) എന്നിവരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ( തടയല്‍ ) നിയമപ്രകാരം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവനുസരിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ഡി. ദീപുവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജനിന്റെ ശുപാര്‍ശപ്രകാരമാണ് കളക്ടറുടെ നടപടി. ഇലവുംതിട്ട പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഇരുവരും 2010 മുതല്‍ അടിക്കടി സമാധാനലംഘനമുണ്ടാക്കുന്ന തരത്തില്‍ മറ്റ് പ്രതികളുമായി ചേര്‍ന്നും അല്ലാതെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതുജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണി സൃഷ്ടിച്ചുവരികയാണ്. ഇലവുംതിട്ട സ്‌റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട പ്രതികള്‍ക്കെതിരെ അടൂര്‍ സബ് ഡിവിഷണല്‍ മാജിസ്ട്രേറ്റ് 107 സി ആര്‍ പി സി പ്രകാരമുള്ള നിയമനടപടികള്‍ 2021 ല്‍ സ്വീകരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ കാപ്പ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് ഇപ്പോള്‍ കളക്ടറുടെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഇരുവരെയും സെന്‍ട്രല്‍ ജയിലില്‍ അടച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന ഇത്തരം കുറ്റവാളികള്‍ക്കെതിരെ കാപ്പ നിയമപ്രകാരം നടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.