CrimeNEWS

ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു പരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞ പ്രതി 18 വര്‍ഷങ്ങള്‍ക്കുശേഷം പിടിയിൽ 

പത്തനംതിട്ട: വടശേരിക്കരയില്‍ ഷാപ്പ് ജീവനക്കാരനെ കല്ലെറിഞ്ഞു ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ 18 വര്‍ഷങ്ങള്‍ക്കുശേഷം പെരുനാട് പോലീസ് പിടികൂടി. സംഭവത്തിന് ശേഷം മലപ്പുറത്ത് ഒളിവില്‍ കഴിയുകയായിരുന്ന മാമ്പാറ പീടികയില്‍ പ്രദീപ് കുമാറിനെയാണ് മലപ്പുറം പാങ്ങുചേണ്ടി കോല്‍ക്കളത്തെ വാടകവീട്ടില്‍ നിന്നും തന്ത്രപരമായി കുടുക്കിയത്.

2005 ജനുവരി ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. വായ്പ്പൂര്‍ സ്വദേശി പ്രദീപ് കുമാറിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കേസില്‍ പ്രതികളായ ഇയാളും സഹോദരന്‍മാരായ സന്തോഷ്, അനില്‍ എന്നിവരും സംഭവത്തിന് ശേഷം ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിൽ പോലീസിന് ഇവരെ പിടികൂടാനായിരുന്നില്ല. മലപ്പുറത്ത് ടാപ്പിംഗ് ജോലിയുമായി കഴിഞ്ഞുകൂടിയ പ്രദീപ് രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ കോല്‍ക്കളം എന്ന സ്ഥലത്ത് വര്‍ഷങ്ങളായി താമസിച്ചുവരികയായിരുന്നു. രണ്ടാം ഭാര്യയില്‍ ഇയാൾക്ക്‌ രണ്ട് കുട്ടികളുമുണ്ട് എന്ന്. ആദ്യഭാര്യയില്‍ നിന്നാണ് പോലീസിന് ഇയാളെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇന്‍സ്പെക്ടര്‍ രാജീവ് കുമാറിന്റെ നിര്‍ദേശപ്രകാരം സി.പി.ഒമാരായ അജിത്ത് , വിനീഷ് എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. ടാപ്പിങ് പണിക്ക് ശേഷം സ്വന്തം ഓട്ടോറിക്ഷ ഓടിക്കാനും പോയിരുന്നു. സ്‌റ്റേഷനില്‍ എത്തിച്ച പ്രതിയെഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: