തൃശൂര്‍: ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിലെ ആള്‍ക്കൂട്ട മര്‍ദനത്തില്‍ എംപറര്‍ ഇമ്മാനുവേല്‍ സഭാ വിശ്വാസികളായ 11 സ്ത്രീകള്‍ റിമാന്‍ഡില്‍. സഭാബന്ധം ഉപേക്ഷിച്ച മുരിയാട് സ്വദേശി ഷാജിയെ സംഘംചേര്‍ന്ന് മര്‍ദിച്ചിരുന്നു. മര്‍ദന ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെ സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് ആളൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
വയനാട് സ്വദേശി തൈപ്പറമ്പില്‍ അല്‍ഫോണ്‍സ, മിനി, ഇടുക്കി സ്വദേശിനി ഗീത, സ്റ്റെഫി, ലിന്‍ഡ, ജിബി, ആര്യ, അയോണ, ലിയോണ, നിഷ തുടങ്ങി 11 പേരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ബാബു കെ തോമസും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച ഷാജിയും കുടുംബവും കാറിലെത്തിയപ്പോള്‍ തടയുകയായിരുന്നു. വിശ്വാസികളായ സ്ത്രീകള്‍ ഷാജിയെ കാറില്‍നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. കാറിന്റെ ചില്ല് തകര്‍ത്തു. ആക്രമണത്തില്‍ ഷാജിയും ഷാജിയുടെ മകന്റെ ഭാര്യയും അടക്കം അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്.
ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിനു കാരണമെന്നാണ് സ്ത്രീകള്‍ പറയുന്നത്. അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികിത്സ തേടി. സഭാ ബന്ധം ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത മുന്‍പും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.