പത്തനംതിട്ട: മാളികപ്പുറത്ത് വെടി വഴിപാടിനിടെ കതിനപൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റയാള്‍ മരിച്ചു. ചെങ്ങന്നൂര്‍ ചെറിയനാട് തോന്നയ്ക്കാട് ആറ്റുവാശ്ശേരി വടശ്ശേരില്‍ എ.ആര്‍ ജയകുമാറാണ് മരിച്ചത്. 70 ശതമാനം പൊള്ളലേറ്റ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.
മാളികപുറത്ത് ഉണ്ടായത് തീപിടുത്തമാണെന്നായിരുന്നു പത്തനംതിട്ട കലക്ടറുടെ റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം കൃത്യമായി നടന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. വെടിമരുന്ന സൂക്ഷിക്കുന്നത് മതിയായ സുരക്ഷയില്ലാതൈന്നും കലക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനം അടക്കം സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചു. ഭാവിയില്‍ അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയിലും സമര്‍പ്പിക്കും.
അപകടത്തില്‍ ജയകുമാറിനെ കൂടാതെ രണ്ട് പേര്‍ക്ക് കൂടി പരുക്കേറ്റിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പാലക്കുന്ന് മോടിയില്‍ അമല്‍, പാലക്കുന്ന് മോടിയില്‍ രജീഷ്എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവര്‍ ചികിത്സയില്‍ തുടരുകയാണ്. മാളികപ്പുറത്തിനടുത്തെ ഇന്‍സുലേറ്ററിന് സമീപമാണ് അപകടം ഉണ്ടായത്. വെടിപ്പുരയില്‍ സൂക്ഷിച്ചിരുന്ന 396 കതിനകളും ആറ് കിലോ വെടിമരുന്നും പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.