CrimeNEWS

അപകടത്തിന് പിന്നാലെ പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തി; കാറിടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: കാഞ്ചന്‍വാലയില്‍ യുവതിയെ കാറില്‍ വലിച്ചിഴച്ച സംഭവത്തില്‍ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നു. കേസിലെ പ്രതികള്‍ കാറിന്റെ ഉടമയായ അശുതോഷിന്റെ വീട്ടിലെത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. മരിച്ച അഞ്ജലി(23)യെ കാറില്‍ വലിച്ചിഴച്ചുകൊണ്ടുപോയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഇവര്‍ അശുതോഷിന്റെ വീട്ടിലെത്തിയത്.

പുലര്‍ച്ചെ 4.07 ഓടെയാണ് പ്രതികള്‍ അശുതോഷിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് വീട്ടില്‍ നിന്നും ഇറങ്ങിവരുന്ന അശുതോഷിന്റെ കയ്യില്‍ കാറിന്റെ താക്കോല്‍ നല്‍കുന്നു. വെള്ള ടീഷര്‍ട്ടാണ് അപ്പോള്‍ അശുതോഷിന്റെ വേഷം. ഒമ്പതു മിനുട്ടിന് ശേഷം ഇരുവരും വീടിന് പുറത്തേക്ക് ഇറങ്ങുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ട്.

Signature-ad

കുറേ സമയത്തിന് ശേഷം പുലര്‍ച്ചെ 4.40 ഓടെ വീണ്ടും പ്രതി, കാറുടമയായ അശുതോഷിന്റെ വീട്ടിലെത്തുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്. ഇതിനു ശേഷമാണ് അപകടത്തിന് ഇടയാക്കിയ കാര്‍ തേടി ഡല്‍ഹി പോലീസ് അശുതോഷിന്റെ വീട്ടിലെത്തുന്നത്. സംഭവത്തില്‍ ദീപക് ഖന്ന, അമിത് ഖന്ന, കൃഷന്‍, മിഥുന്‍, മനോജ് മിത്തല്‍ എന്നീ യുവാക്കളെ അന്നു തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തെപ്പറ്റി അറിവുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ കാറുടമയായ അശുതോഷിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തു. കേസിലെ ആറാം പ്രതിയാണ് അശുതോഷ്. ഒരു പ്രതിക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്നും ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. അപകടസമയത്ത് അമിത് ഖന്നയാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സില്ല. അതിനാല്‍ ഡ്രൈവറായി ജോലി ചെയ്യുന്ന ദീപക് ഖന്ന താനാണ് ഡ്രൈവ് ചെയ്തതെന്ന് കളവു പറയുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.

 

Back to top button
error: