മുംബൈ: വാട്‌സാപ് ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതെന്ന് ആരോപിച്ച് ഗ്രൂപ്പ് അഡ്മിനെ ക്രൂരമായി മര്‍ദിച്ച് നാക്ക് മുറിച്ചെടുത്ത് അഞ്ചംഗ സംഘം.
ഡിസംബര്‍ 28ന് രാത്രി 10ന് മഹാരാഷ്ട്രയിലെ പുണെയില്‍ ഫുര്‍സുങ്കി ഏരിയയിലാണ് സംഭവം. ഓം ഹൈറ്റ്സ് ഹൗസിങ് സൊസൈറ്റി ചെയര്‍പഴ്സനായ 38 വയസുകാരിയാണ് പരാതിക്കാരിയെന്നു പോലീസ് അറിയിച്ചു.
പരാതിക്കാരിയുടെ ഭര്‍ത്താവ്അഡ്മിനായി ‘ഓം ഹൈറ്റ്സ് ഓപ്പറേഷന്‍’ എന്ന പേരില്‍ ഹൗസിങ് സൊസൈറ്റിയിലെ താമസക്കാര്‍ക്കിടയില്‍ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. അടുത്തിടെ പ്രതികളിലൊരാളെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കി. ഇതില്‍ ക്ഷുഭിതനായ ഇയാള്‍, എന്തിനാണ് തന്നെ ഗ്രൂപ്പില്‍ നിന്ന് നീക്കം ചെയ്തതെന്ന് ചോദിച്ച് പരാതിക്കാരിയുടെ ഭര്‍ത്താവിന് വാട്സാപ്പില്‍ സന്ദേശമയച്ചു. എന്നാല്‍, മറുപടി നല്‍കിയില്ല. തുടര്‍ന്ന് കാണണമെന്ന് പറഞ്ഞ് പ്രതി ഫോണ്‍ വിളിച്ചു.
പരാതിക്കാരിയും ഭര്‍ത്താവും ഓഫീസില്‍ ഇരിക്കെ പ്രതികള്‍ അഞ്ചുപേരും കൂടി ഓഫിസിലെത്തി. റാന്‍ഡം മെസേജുകള്‍ അയച്ചതിനാലാണ് പുറത്താക്കിയതെന്ന് പരാതിക്കാരിയുടെ ഭര്‍ത്താവിന് പറഞ്ഞെങ്കിലും അഞ്ചുപേരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നാവ് മുറിച്ചു. ഗുരുതരമായി പരുക്കേറ്റെന്നാണ് വിവരം. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.