കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ വിവാഹവാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ അരക്കിണറിലെ ചാക്കീരിക്കാട് പറമ്പിലെ ‘പ്രസീത’യില്‍ അശ്വിന്‍ വി മേനോനാണ് (31) ബേപ്പൂര്‍ പോലീസിന്റെ പിടിയിലായത്.
വിവാഹപ്രായമെത്തിയവരും വിവാഹബന്ധം വേര്‍പെടുത്തിയവരുമായ സ്ത്രീകളെ പരിചയപ്പെട്ട്, വിവാഹവാഗ്ദാനം നല്‍കി പണവും വിലപിടിപ്പുള്ള കാറുകളും മറ്റും തട്ടിയെടുക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
2018-ല്‍ പരിചയപ്പെട്ട കോട്ടയം സ്വദേശിനിയായ യുവതിയോട് വിവാഹവാഗ്ദാനം നല്‍കി ഒമ്പതുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ബേപ്പൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹക്കാര്യം സൂചിപ്പിക്കുന്ന സന്ദര്‍ഭങ്ങളില്‍ വണ്ണം കൂടുതലാണെന്നു പറഞ്ഞ് അശ്വിന്‍ ഒഴിഞ്ഞുമാറിയതായും പരാതിയില്‍ പറയുന്നു.
2020 ലും 2021-ലും ബി.കോം ബിരുദധാരിയായ അശ്വിന്‍ പത്തനംതിട്ട സ്വദേശിനിയെയും ന്യൂസിലാന്‍ഡില്‍ താമസമാക്കിയ മറ്റൊരു മലയാളി സ്ത്രീയെയും വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്ത് കബളിപ്പിച്ചതായും പോലീസ് പറഞ്ഞു.
നിലവില്‍ ഇയാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറെ പരിചയപ്പെട്ട് ആഡംബരകാറുമായി കറങ്ങുന്നുണ്ടെന്ന വിവരം ബേപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ വി സിജിത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
അശ്വിന്റെ ഗൂഗിള്‍ പേ പരിശോധിച്ചപ്പോള്‍ കാര്‍ഡിയോളജിസ്റ്റായ വനിതാഡോക്ടറില്‍നിന്ന് പണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. തട്ടിപ്പിനിരയായ സ്ത്രീകള്‍ ഇ-മെയില്‍വഴി പരാതി നല്‍കിയിരുന്നെങ്കിലും മാനഹാനി ഭയന്ന് തുടര്‍നടപടികളിലേക്ക് പോവാതിരിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.