ന്യൂഡല്‍ഹി: മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങള്‍ തടയാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ 19 -1 എ അനുഛേദപ്രകാരമുള്ള അവകാശത്തില്‍, 19-2 അനുഛേദം നിര്‍ദേശിക്കുന്നത് ഒഴികെയുള്ള ഒരു നിയന്ത്രണവും മന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമായി ഏര്‍പ്പെടുത്താനാവില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.
കൂട്ടുത്തരവാദിത്വത്തിന്റെ തത്വങ്ങള്‍ എടുത്താല്‍ പോലും ഒരു മന്ത്രി നടത്തുന്ന പ്രസ്താവന സര്‍ക്കാരിന്റെ മൊത്തം അഭിപ്രായമായി എടുക്കാനാവില്ലെന്ന് ജസ്റ്റിസ് വി രാമസുബ്രഹ്‌മണ്യന്‍ വിധിന്യായത്തില്‍ പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങള്‍ ഭരണഘടനാ മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണന്ന്, പ്രത്യേക വിധിന്യായമെഴുതിയ ജസ്റ്റിസ് ബി.വി നാഗരത്ന അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകരും സെലിബ്രിറ്റികളും കൂടുതല്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കണമെന്ന് അവര്‍ പറഞ്ഞു.
ജനപ്രതിനിധികളുടെ പ്രസംഗങ്ങള്‍ക്കു മാര്‍ഗരേഖ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജികളാണ് ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്.
മൂന്നാറിലെ ‘പെമ്പിളെ ഒരുമൈ’ സമരത്തിനെതിരേ മുന്‍ മന്ത്രി എം.എം മണി നടത്തിയ വിവാദ പ്രസംഗത്തിന് എതിരായ ഹര്‍ജികള്‍ ഉള്‍പ്പെടെയാണ് സുപ്രീം കോടതി പരിഗണിച്ചത്.