ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിലെ കാഞ്ചവാലയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ സഞ്ചരിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച അമന്‍ വിഹാര്‍ സ്വദേശി അഞ്ജലി സിങ്ങി(23)നൊപ്പം സുഹൃത്തും സ്‌കൂട്ടറില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കാറിടിച്ചുവീണ യുവതിക്ക് നിസാരപരിക്കുകളുണ്ടായിരുന്നെന്നും പേടിച്ചുപോയ ഇവര്‍ രക്ഷപ്പെടുകയായിരുന്നെന്നും അന്വേഷണത്തില്‍ വ്യക്തമായി.
തിങ്കളാഴ്ച വൈകിട്ടോടെയാണ് രണ്ടാമത്തെ യുവതിയെ പോലീസ് തിരിച്ചറിഞ്ഞത്. ഇന്ന് ഇവരുടെ മൊഴിരേഖപ്പെടുത്തും. സംഭവം അപകടമാണെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. സംഭവത്തിന് മുമ്പ് യുവതികള്‍ ഒരുമിച്ച് ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ മറ്റ് സുഹൃത്തുക്കുളം ആഘോഷത്തില്‍ ഉണ്ടായിരുന്നു. ഇവരേയും ചോദ്യംചെയ്തേക്കും.
അപകടത്തിനു പിന്നാലെ അഞ്ജലിയുടെ കാല്‍, കാറിന്റെ ആക്‌സിലില്‍ കുടുങ്ങിയതാണ് റോഡിലൂടെ വലിച്ചിഴയ്ക്കാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. അപകടം നടന്നതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിനായി പൊലീസ് റൂട്ട് മാപ്പ് തയാറാക്കുന്നതിനിടെയാണ് സുഹൃത്തും ഒപ്പമുണ്ടായിരുന്നെന്നുള്ള പൊലീസ് നിര്‍ണായക കണ്ടെത്തല്‍.
വസ്ത്രമെല്ലാം കീറിപ്പറിഞ്ഞ നിലയില്‍ അഞ്ജലിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഔട്ടര്‍ ഡല്‍ഹിയില്‍ സുല്‍ത്താന്‍പുരിലെ കാഞ്ചവാലയിലാണു കണ്ടെത്തിയത്. കാര്‍ ഓടിച്ചിരുന്ന ദീപക് ഖന്ന (26), ഒപ്പമുണ്ടായിരുന്ന അമിത് ഖന്ന (25), കൃഷ്ണന്‍ (27), മിഥുന്‍ (26), മനോജ് മിത്തല്‍ (27) എന്നിവരെ പിടികൂടി. ഇവരെ 3 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
കാറിനടിയില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെന്ന കണ്‍ട്രോള്‍ റൂം സന്ദേശം ഞായറാഴ്ച പുലര്‍ച്ചെ 3.24നാണ് പോലീസിന് ആദ്യം ലഭിച്ചത്. അന്വേഷണം നടത്തുന്നതിനിടെ 4.11 നും സമാന സന്ദേശം ലഭിച്ചു. പിന്നാലെ കൃഷന്‍ വിഹാറിലെ ഷൈനി ബസാറിനടുത്തു മൃതദേഹം കണ്ടെത്തി. സ്‌കൂട്ടറും കണ്ടെത്തി. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കാറില്‍ യുവതിയുടെ രക്തം കണ്ടെത്തിയിട്ടില്ലെന്നു പോലീസ് സൂചിപ്പിക്കുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചെന്നും പീഡനാരോപണം പരിശോധിക്കുമെന്നും ഡല്‍ഹി സ്‌പെഷല്‍ കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ വിശദീകരിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശപ്രകാരം സ്‌പെഷല്‍ പോലീസ് കമ്മിഷണര്‍ ശാലിനി സിങ്ങിനെ അന്വേഷണച്ചുമതല ഏല്‍പിച്ചു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേനയും അന്വേഷണത്തെക്കുറിച്ച് വിവരം തേടി.
പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തുന്നതില്‍ വ്യക്തമായ ഉറപ്പ് ലഭിക്കാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. അഞ്ച് പ്രതികള്‍ക്കും വധശിക്ഷ ഉറപ്പാക്കണെന്ന് യുവതിയുടെ അമ്മ ആവശ്യപ്പെട്ടു. ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, അമ്മയും 3 സഹോദരിമാരും 2 സഹോദരന്മാരും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ആശ്രയമായിരുന്നു. പിതാവ് ഏതാനും വര്‍ഷം മുന്‍പു മരിച്ചു.