LIFETravel

കന്യാകുമാരി യാത്രയിലെ പൈതൃക കാഴ്ചകൾ; വിശ്വാസവും ചരിത്രവും സംഗമിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം 

രിത്രവും വിശ്വാസങ്ങളും സംഗമിക്കുന്ന പുണ്യഭൂമിയാണ് കന്യാകുമാരി. കാലങ്ങളായി മലയാളി യാത്രകളുടെ പ്രധാന ലക്ഷ്യസ്ഥാനമായ ഇവിടം ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പ് കൂടിയാണ്. ഇന്ത്യന്‍ മഹാസമുദ്രവും അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും ചേരുന്ന സംഗമസ്ഥാനമായ ഇവിടം ക്ഷേത്രങ്ങളുടെ ഭൂമി കൂടിയാണ്. കന്യാകുമാരി ദേവിയുടെ പ്രസിദ്ധമായ ക്ഷേത്രം മാത്രമല്ല ഇവിടെയുള്ളത്. കഥകളും ഐതിഹ്യങ്ങളും ഒരുപാടുള്ള നിരവധി ക്ഷേത്രങ്ങൾ. ഇതാ കന്യാകുമാരിയിൽ പോയിരിക്കേണ്ട പ്രസിദ്ധമായ ക്ഷേത്രങ്ങൾ പരിചയപ്പെടാം

കന്യാകുമാരി ദേവി ക്ഷേത്രം

കന്യാകുമാരിയുടെ എല്ലാമാണ് ഇവിടുത്തെ കുമാരി അമ്മൻ ക്ഷേത്രം നൂറുകണക്കിന് വിശ്വാസികൾ ഓരോ ദിവസവുമെത്തിച്ചേരുന്ന ഈ ക്ഷേത്രം കന്യാകുമാരി എന്ന നാടിന്‍റെ അടയാളമാണ്. ആദിപരാശക്തിയുടെ അവതാരമായ കന്യാകുമാരി ദേവിയെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കന്യാകുമാരി ദേവി സുന്ദരേശ്വരനായ ശിവനെ വിവാഹം കഴിക്കുവാൻ കാത്തിരുന്നുവെന്നും എന്നാൽ ചില കാരണങ്ങളാൽ വിവാഹം നടക്കാതെ പോയപ്പോൾ ദേവി കന്യകയായി ജീവിച്ചുവെന്നുമാണ് വിശ്വാസം. വിവാഹത്തിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നും എന്നാൽ ശിവൻ മാത്രം എത്തിച്ചേർന്നില്ല എന്നുമാണ് വിശ്വാസങ്ങൾ പറയുന്നത്. അന്ന് വിവാഹത്തിനായി ശേഖരിച്ച ധാന്യങ്ങളാണ് ഇവിടുത്തെ മണൽത്തരികൾ എന്നും വിശ്വസിക്കപ്പെടുന്നു. വിവാഹം നടക്കുവാൻ ഇവിടെയെത്തി പ്രാർത്ഥിച്ചാൽ മതിയെന്നാണ് മറ്റൊരു വിശ്വാസം.

ശുചീന്ദ്രം

കന്യാകുമാരിയിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് ശിവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ശുചീന്ദ്രം സ്ഥാനുമലയന്‍ പെരുമാള്‍ ക്ഷേത്രം. എന്നാൽ ത്രിമൂർത്തികൾക്കുള്ള ക്ഷേത്രമെന്നാണ് ഇത് അറിയപ്പെടുന്നത്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന ഈ ക്ഷേത്രത്തിന്റെ പുനർനിർമ്മാണാവശ്യങ്ങൾക്കായാണ് തിരുവിതാംകൂറിൽ ആദ്യ ലോട്ടറി നറുക്കെടുപ്പ് നടത്തിയതെന്നാണ് ചരിത്രം പറയുന്നത്. ഗണപതിയുടെ സ്ത്രീ രൂപമായ വിനായകിയെ ആരാധിക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. ശില്പവൈവിധ്യവും നിർമ്മാണരീതികളും വിശിഷ്ടമായ രീതിയിലാണ് ഇവിടെ പൂർത്തിയാക്കിയിരിക്കുന്നത്. 18 അടി ഉയരത്തിലുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിൽ കാണാം. കന്യാകുമാരിയിൽ നിന്നും വെറും 14 കിലോമീറ്റർ ദൂരം മാത്രമേ താണുമലയൻ ക്ഷേത്രത്തിലേക്കുള്ളൂ.

അളപ്പന്‍കോട് ഈശ്വരകാല ഭൂതത്താന്‍ ക്ഷേത്രം

കന്യാകുമാരിയോട് ചേർന്നാണെങ്കിലും മലയാളി വിശ്വാസികളുടെ ഇടയിലും പ്രസിദ്ധമാണ് അളപ്പന്‍കോട് ക്ഷേത്രം. അളപ്പന്‍കോട് ഈശ്വര കാല ഭൂതത്താന്‍ ക്ഷേത്രം എന്നാണ് ഇതിന്‍റെ യഥാർഥ പേര്. മഹാദേവനെ അമ്മാവനായി കരുതുന്ന, അദ്ദേഹത്തിന്റെ മടിയിലിരിക്കുന്ന ശാസ്താവിനെ ഇവിടെ ആരാധിക്കുന്നു. യോഗദണ്ഡ് അഥവാ ഭൂതദണ്ഡിനെയാണ് മഹാദേവനായി ആരാധിക്കുന്നത്. വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി ഇവിടെയെത്തി അമ്മാവനായ മഹാദേവനോട് പ്രാർത്ഥിച്ചാൽ മതിയെന്നാണ് വിശ്വാസം. കുഞ്ഞുങ്ങൾക്ക് ഈ സന്നിധിയിൽവെച്ച് ചോറൂണ് നടത്തിയാൽ അവരുടെ പിന്നീടുള്ള കാലം മുഴുവനും മഹാദേവനും ശാസ്താവും സംരക്ഷിച്ചുകൊള്ളും എന്നാണ് വിശ്വാസം. നാഗർകോവിലിൽ നിന്നു 35 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

തിരുവട്ടാർ ആദികേശവ പെരുമാൾ ക്ഷേത്രം

കന്യാകുമാരിക്ക് സമീപത്തുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് ആദികേശവ പെരുമാള് ക്ഷേത്രം. തിരുവട്ടാർ എന്ന സ്ഥലത്താണ് തമിഴ്നാടിന്‍റെ പത്മനാഭസ്വാമി ക്ഷേത്രം എന്നറിയപ്പെടുന്ന ഈ ക്ഷേത്രമുള്ളത്. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിന്റെ രൂപകല്പനയിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണ് തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം എന്നാണ് കരുതപ്പെടുന്നത്. ദക്ഷിണ വൈകുണ്ഠം, ചേരനാട്ടിലെ ശ്രീരംഗം, പരശുരാമ സ്ഥലം എന്നിങ്ങനെ നിരവധി പേരുകളും ക്ഷേത്രത്തിനുണ്ട്. തിരുവിതാാംകൂർ രാജാക്കന്മാരാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. ദ്രാവിഡ വാസ്തുവിദ്യയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. കോത്തി നദി, പറളിയാർ, താമ്രപർണ്ണി നദി എന്നീ നദികൾ ക്ഷേത്രത്തെ ചുറ്റിയാണ് ഒഴുകുന്നത്. സമുദ്രനിരപ്പിൽ നിന്നും 55 അടി ഉയരത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇരുപത്തിരണ്ടടി നീളമുള്ള അനന്തശയനത്തിലുള്ള വിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കന്യാകുമാരിയിൽ നിന്നു 51 കിലോമീറ്റർ ദൂരം.

തിരുനന്തിക്കര ഗുഹാ ക്ഷേത്രം

കന്യാകുമാരി തിരുനന്തിക്കരയിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തിരുനന്തിക്കര ഗുഹാ ക്ഷേത്രം. ഒൻപതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. തിരുനന്തിക്കരൈ ശ്രീ നന്ദീശ്വര ക്ഷേത്രം എന്ന വലിയ ക്ഷേത്രസമുച്ചയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ ഗുഹാക്ഷേത്രെമെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം.

തിരുച്ചെന്തൂർ ക്ഷേത്രം

കന്യാകുമാരിയിൽ നിന്നു 90 കിലോമീറ്റർ അകലെയാണ് തിരുച്ചെന്തൂർ ക്ഷേത്രം. മുരുകന്‍റെ രണ്ടാമത്തെ വാസസ്ഥലമായാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. തൂത്തുക്കുടി ജില്ലയുടെ ഭാഗമാണീ ക്ഷേത്രം. ബംഗാൾ ഉൾക്കടലിന്‍റെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ വെച്ചാണ് മുരുകൻ ശൂരസംഹാരം നടത്തിയതെന്നാണ് ഐതിഹ്യം

Back to top button
error: