ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’, ചിത്രത്തിൽ കമല്‍ ഹാസനും
മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബനി’ല്‍ തമിഴിലെ സൂപ്പര്‍ താരം എത്തുന്നുവെന്ന ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. 2023 ജനുവരി 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ കമല്‍ ഹാസനും ഭാഗമാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിഥി വേഷത്തിലാകും കമല്‍ ഹാസന് എത്തുക. 2009ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്’ എന്ന സിനിമയില്‍ കമലും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിരുന്നു. ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ വില്ലന്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആവും ചിത്രം നിർമിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ജനുവരി 10ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഏകദേശം രണ്ടര മാസത്തോളം രാജസ്ഥാൻ ഷെഡ്യൂൾ നീണ്ടുനിൽക്കും.
ഗുസ്തിക്കാരനായ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രമായാകും മോഹന്‍ലാല്‍ വേഷമിടുക.